ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 8 ന് തുടങ്ങും 

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംബർ എട്ടു മുതൽ 23 വരെ നടക്കും. എട്ടിന് വൈകിട്ട് ആറ്‌ മണിക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്ക്കാരം കർണാടക സംഗീതജ്ഞൻ മധുരൈ ടി.എൻ ശേഷഗോപാലന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും.

തുടർന്ന് പുരസ്ക്കാര ജേതാവിൻ്റെ സംഗീതകച്ചേരിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. നവംബർ ഒമ്പതിന് രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്  ചെമ്പൈ സംഗീത മണ്ഡപത്തിൽ ദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.

തംബുരു വിളംബര ഘോഷയാത്ര

ഏകാദശിയോടനുബന്ധിച്ച്  ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നടത്തുന്നത്.

മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ചെമ്പൈ സ്വാമികളുടെ തംബുരു ചെമ്പൈ ഗ്രാമത്തിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന്  നവംബർ ഏഴിന് വൈകീട്ട് ഏറ്റുവാങ്ങി  ഘോഷയാത്രയായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിക്കും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നവംബർ എട്ടിന് വൈകീട്ട് ആറോടെ കിഴക്കേ നടയിൽ നിന്ന് സ്വീകരിച്ച് മേൽപുത്തൂർ  ഓഡിറ്റോറിയത്തിലെത്തിക്കും. തംബുരു ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ച ശേഷമാണ് സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങുകൾ.

സംഗീതാർച്ചനയ്ക്ക് മൂവായിരത്തിലേറെ പേർ

ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ 4039 അപേക്ഷകൾ ഓൺലൈനായി ലഭിച്ചു. ഇതിൽ 252 അപേക്ഷകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും.

സംഗീത സെമിനാർ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി നവംബർ ഏഴിന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ ദേശീയ സംഗീത സെമിനാർ നടത്തും. കിഴക്കേനടയിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ നാരായണീയം ഹാളിലാണ് സെമിനാർ.

സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ഡോ.എൻ. മിനി, അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ മോഡറേറ്ററാകും.

Leave a Reply

Your email address will not be published. Required fields are marked *