ഗുരുവായൂർ ക്ഷേത്രകലാ പുരസ്ക്കാരം സിക്കിൾ മാലാ ചന്ദ്രശേഖറിന്‌

2023 ലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിന്‌. അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച്  സപ്തംബർ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. വൈകുന്നേരം ആറിന്  പുരസ്കാര ജേതാവിൻ്റെ പുല്ലാങ്കുഴൽ കച്ചേരിയും അരങ്ങേറും.

55,555 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം കെ.ആർ.ഗോപിനാഥ്, കർണാടക സംഗീതജ്ഞൻ ഡോ.രംഗനാഥ ശർമ്മ  പുല്ലാങ്കുഴൽ സംഗീതജ്ഞൻ പാലക്കാട് കെ.എൽ.ശ്രീറാം എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ക്ഷേത്ര കലകളുടെ പ്രോത്സാഹനത്തിനായി ഗുരുവായൂർ ദേവസ്വം 1989 മുതൽ നൽകി വരുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. നാലു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ പുല്ലാങ്കുഴൽ വാദന രംഗത്തെ നിറസാന്നിധ്യമാണ് സിക്കിൾ മാലാ ചന്ദ്രശേഖര്‍. കലർപ്പില്ലാത്ത ശുദ്ധ പുല്ലാങ്കുഴൽ വാദനത്തിൽ പ്രതിഭ തെളിയിച്ച സംഗീതജ്ഞയാണ്.

ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റാണ്. തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്ക്കാരം അടക്കം നിരവധി അംഗീകാരങ്ങളും ബഹുമതികളും ലഭിച്ച കലാകാരിയാണ്. പ്രശസ്ത കർണാടക സംഗീതജ്ഞരായ സിക്കിൾ സിസ്റ്റേഴ്സ് കുടുംബത്തിലെ അംഗമാണ് മാലാ ചന്ദ്രശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *