ഘടത്തിൻ്റെ സ്വരമാധുരിയിൽ ‘സ്ത്രീ- താൾ- തരംഗ്’

ആറ് ഘടങ്ങളിൽ സ്വരമാധുരി തീർത്ത് സുകന്യ രാംഗോപാൽ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയിലാണ് ആറ് ശ്രുതികളിലുള്ള ഘടങ്ങൾ ഒരുമിച്ച് ചേർന്ന വാദന വിസ്മയം. സുകന്യ രാംഗോപാലും സംഘവും അവതരിപ്പിച്ച  ആദ്യ വിശേഷാൽ കച്ചേരിയായ സ്ത്രീ- താൾ- തരംഗാണ് ആസ്വാദകർക്ക് മധുരാനുഭവം പകർന്നത്.

കച്ചേരിയിൽ പങ്കെടുത്തവരെല്ലാം വനിതാകലാകാരികളെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഘടവാദനത്തിൽ പ്രതിഭ തെളിയിച്ച സുകന്യ രാംഗോപാലിൻ്റെ സംഭാവനയാണ് ‘ഘട തരംഗ് ‘. രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനേ അപ്പൻ എന്ന് തുടങ്ങുന്ന അംബുജം ക്യഷ്ണയുടെ കൃതിയോടെയാണ് കച്ചേരി തുടങ്ങിയത്. പിന്നീട് ആദി താളത്തിൽ കുന്തള വരാളി രാഗത്തിലുള്ള സ്വന്തം കൃതി ഘടത്തിൽ വായിച്ചു. ദുർഗാരാഗത്തിൽ രാഗം താനം പല്ലവിയും ഒഴുകിയെത്തി.

ഗംഭീരനാട്ട രാഗത്തിൽ കലിംഗ നർത്തന തില്ലാനയായിരുന്നു പിന്നീട്. ഒരു മണിക്കൂർ നേരം ഗംഭീര പ്രകടനം കാഴ്ചവെച്ച് സുകന്യയും സംഘവും ആസ്വാദകരുടെ മനം കവർന്നു.ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് കലാകാരിയാണ് സുകന്യ രാംഗോപാൽ. വിശേഷാൽ കച്ചേരിയിൽ സുകന്യയ് ക്കൊപ്പം പുല്ലാങ്കുഴലിൽ വാണിമഞ്ചുനാഥ് വീണയിൽ വൈ.ജി.ശ്രീലത മൃദംഗത്തിൽ ജി.ലക്ഷ്മി, മുഖർശംഖിൽ ഭാഗ്യലക്ഷ്മി എം. കൃഷ്ണയും പക്കമേളം ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *