ഉമ്പായി മ്യൂസിക് അക്കാദമി ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ ഉമ്പായി മാറ്റിമറിച്ചു- മുഖ്യമന്ത്രി

സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ മാറ്റിമറിച്ച ഗെയിം ചെയ്ഞ്ചറായിരുന്നു ഗസൽ സംഗീതജ്ഞൻ ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ടുകൾ പഴക്കമുള്ള പേർഷ്യൻ ഗസൽ പാരമ്പര്യത്തെ നമ്മുടെ സംസ്‌ക്കാരവുമായും ഇന്നത്തെ കാലവുമായും കൂട്ടിയോജിപ്പിച്ച കണ്ണിയായിരുന്നു ഉമ്പായി. അതുവഴി സംഗീതത്തിന്റെ സാർവജനീനത തെളിയിക്കാൻ അദ്ദേഹത്തിനായി. ഏതെങ്കിലും ദേശാതിർത്തികൾക്കകത്തോ ജനവിഭാഗങ്ങൾക്കിടയിലോ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല കലയെന്ന സന്ദേശം അദ്ദേഹത്തിന് ഊട്ടിയുറപ്പിക്കാനായി.

ഉമ്പായിലെ സംഗീതജ്ഞന് ജന്മം നൽകിയത് കൊച്ചിയും തേച്ചുമിനുക്കിയത് ബോംബെ നഗരവുമാണെങ്കിലും കോഴിക്കോടിനോടായിരുന്നു അദ്ദേഹത്തിന് ആത്മബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ കോഴിക്കോട്ട് അദ്ദേഹത്തിന്റെ പേരിൽ ഒരു സംഗീത അക്കാദമി ഒരുങ്ങുന്നതിൽ ഔചിത്യ ഭംഗിയുണ്ട്. സംഗീത ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്താണ് ഇടത്താവളമെന്ന നിലയ്ക്ക് ഉമ്പായി കോഴിക്കോട്ടെത്തിയത്.

പിന്നീട് അദ്ദേഹത്തെ ദത്തുപുത്രനായി നഗരം ഏറ്റെടുക്കുകയായിരുന്നു. മികവുകളെ അംഗീകരിക്കാനും പിഴവുകളെ തിരുത്താനുമുള്ള ആർജ്ജവത്തോടെയാണ് കോഴിക്കോട്ടുകാർ സംഗീതം ആസ്വദിക്കുന്നതെന്ന് ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ സവിശേഷതയാണ് കോഴിക്കോടിനെ അദ്ദേഹത്തിന് പ്രിയങ്കരമാക്കിയത്.

ഹിന്ദുസ്ഥാനി സംഗീതത്തിനായി സംസ്ഥാനത്ത് ആദ്യമായി ഒരുങ്ങുന്ന ഒരു സ്ഥാപനം എന്ന സവിശേഷതയും ഉമ്പായി മ്യൂസിക് അക്കാദമിക്കുണ്ട്. നാടിന്റ വളർച്ചക്ക് മുതൽക്കൂട്ടാവുന്ന  സ്ഥാപനമായി ഇത് മാറും. നേരത്തേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഗ്രാന്റിനു പുറമെ, സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ സർക്കാർ പിന്തുണ ഉണ്ടവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വിട്ടുനൽകിയ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്ത് 13 കോടി രൂപ ചെലവിലാണ് അക്കാദമി നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

ചടങ്ങിൽ എം.എൽ.എമാരായ പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രന്‍,
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, പി.മോഹനൻ മാസ്റ്റർ, സമീർ ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് ഷംസുദ്ദീൻ.കെ സ്വാഗതവും ട്രസ്റ്റി പ്രകാശ് പോതായ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *