“തിങ്കളാഴ്ച നിശ്ചയം” ഒരു നാട്ടുഭാഷയുടെ കൂടി വിജയം

ദിവാകരന്‍ വിഷ്ണുമംഗലം

“തിങ്കളാഴ്ച നിശ്ചയം” എന്ന സിനിമ ദേശീയതലത്തിൽ മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നേടുമ്പോൾ അത് ഒരു നാട്ടുഭാഷയുടെ കൂടി വിജയമായി മാറുന്നു.

കവിതയിലും കഥയിലും നോവലിലും മാത്രമല്ല നാട്ടുഭാഷയുടെ പ്രയോഗവീര്യം സിനിമയിലും സാദ്ധ്യമാണെന്ന സത്യം ഈ സിനിമ പറഞ്ഞു തരുന്നു. ഒരു നാടിൻ്റെ ജീവിതം ആത്മാർത്ഥമായി കലയിൽ പകർത്തുമ്പോൾ അത് ലോകത്തിൻ്റെ പല നാടുകളുമായി ഐക്യപ്പെടുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ പുരസ്ക്കാരം.

ഭാഷയുടെ തനിമയെ തമാശപ്പെടുത്തിയോ വക്രീകരിച്ചോ മിമിക്രീകരിച്ചോ പരിഹാസരൂപത്തിലോ അല്ല മറിച്ച് അതിൻ്റെ സ്വത്വബലത്തിൽത്തന്നെയാണ് ഈ സിനിമയിൽ കാസർകോട്

ജില്ലയിലെ കാഞ്ഞങ്ങാട് ഭാഷ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നതാണ് ഇതിൻ്റെ സംവിധായകൻ സെന്ന ഹെഗ്ഡെയുടെ വിജയം.

ആ ഭാഷ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാട്, പയ്യന്നൂർ, ഉദുമ പ്രദേശത്തെ പ്രതിഭാശാലികളായ പുതുമുഖനടീനടന്മാരെ കണ്ടെത്തി അവരുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ ഒരു സംരംഭത്തിന്റെ വിജയവുമാണിത്.

എൻ്റെ നാടിൻറെ ഭാഷയ്ക്ക് ഇത്രയും സൗന്ദര്യമോ എന്നും എൻ്റെ നാട്ടിനും ഇത്രയും കലാത്മകമായി സിനിമപ്പെടാനാവുമോ എന്നും എൻ്റെ നാട്ടിലും ലോകോത്തര സിനിമയുണ്ടാക്കാൻ കെല്പുള്ള സംവിധായകനും അഭിനേതാക്കളും മറ്റു സാങ്കേതിക പ്രതിഭകളുമുണ്ടോ എന്നെല്ലാമുള്ള അത്ഭുതത്തിനുള്ള മറുപടിയായി, ലളിതസുന്ദരവും ജീവിതം തന്നെയുമായ ഈ സിനിമ എന്നെ ആദ്യ കാഴ്ചയിൽ അമ്പരപ്പിച്ചു.

അരവിന്ദന്റെയും പത്മരാജൻ്റെയും കെ.ജി.ജോർജ്ജിൻ്റെയുമൊക്കെ സിനിമകളിലാണ് മുമ്പ് ഇത്തരത്തിൽ ഒരു നിർമ്മല ഗ്രാമകലാസൗന്ദര്യാനുഭൂതി ഞാൻ അനുഭവിച്ചിരുന്നത്. ഭാഷയെ ഇത്ര സൂക്ഷ്മമായും കൃത്യമായും ഉപയോഗിക്കാനും അത് സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനും വിമർശിക്കാനുമായി ഇത്രയും ശക്തമാണെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

മികച്ച നടീനടന്മാരും നല്ല പശ്ചാത്തല സംഗീതവും ഗ്രാമ്യഭാഷയിലുള്ള അതേ നാട്ടിലെ നാടൻ പാട്ടുകളും ഒക്കെ ചേർത്ത് ഒരു വിസ്മയം സൃഷ്ടിക്കുകയായിരുന്നു ഈ സിനിമ. പ്രത്യേകിച്ചും കോടികൾ മുടക്കി, മനുഷ്യജീവിതത്തിൽ നിന്ന് അകന്നതും സൂപ്പർസ്റ്റാറുകളെ കൊണ്ടു മാത്രവുമായി, ഒരു പ്രയോജനവുമില്ലാത്ത സിനിമകൾ ഏറെ പിറവിയെടുക്കുന്ന ഇക്കാലത്ത്.

അത്തരം ചലച്ചിത്രങ്ങളെ മുഴുവൻ ഈയൊരൊറ്റ സിനിമ നിർമ്മമമായി നർമ്മപൂർവ്വം തിരുത്തിയെഴുതുന്നു. ഒരു ലോകനിലവാരത്തിലുള്ള ഈ ഉത്തമകലാസൃഷ്ടി കണ്ടതിൽ ഞാൻ കാഞ്ഞങ്ങാട്ടുകാരൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു. സെന്ന ഹെഗ്ഡെ എന്ന പ്രതിഭാശാലിയായ സംവിധായകനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കഴിവുറ്റ കലാകാരൻമാർക്കും എൻ്റെ അഭിനന്ദനങ്ങൾ.

Content highlight: Thinkalazhcha nishchayam malayalam film

Leave a Reply

Your email address will not be published. Required fields are marked *