സന്തോഷ് ടാക്കീസ് പുനർജനിച്ചു; ഫസ്റ്റ്ഷോ കുട്ടിസ്രാങ്ക്

മുണ്ടൻകാവിലെ സന്തോഷ് ടാക്കീസിൽ സിനിമ തുടങ്ങുന്നത് അറിയിച്ചുകൊണ്ട് ഇനി മൈക്കിലൂടെ പാട്ടുകൾ ഒഴുകും. ടാക്കീസിലെ ഇരുട്ടിൽ കടല, സോഡ വില്പനക്കാരുടെ ശബ്ദം മുഴങ്ങും. ഓല മേഞ്ഞ ടാക്കീസിൻ്റെ പഴമയും ഗന്ധവും അവർ ഒന്നുകൂടി ആസ്വദിക്കും. ചെങ്ങന്നൂരുകാരുടെ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് പുനർജനിച്ചത് അസ്വദിക്കുകയാണ് ഇവിടത്തെ സിനിമാ പ്രേക്ഷകർ.

ഒരിക്കൽ മുണ്ടൻകാവിലെ ആളുകളുടെ പ്രിയപ്പെട്ട തിയേറ്ററായിരുന്നു സന്തോഷ് ടാക്കീസ്. കാലം പുരോഗമിച്ചപ്പോൾ ഈ ടാക്കീസിനും പിടിച്ചു നിൽക്കാനായില്ല. 20 വർഷം മുമ്പ് ഓലടാക്കീസ് പൊളിച്ച് മാറ്റി.

പമ്പാനദിയിൽ പാണ്ടനാട് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തോടനുബന്ധിച്ചുള്ള “ചെങ്ങന്നൂർപെരുമ”യുടെ ഭാഗമായിട്ടാണ് സന്തോഷ് ടാക്കീസ്‌ പുനർസൃഷ്ടിച്ചത്. ഓലമേഞ്ഞ പഴയ സിനിമാകൊട്ടക അതേപോലെ കെട്ടിയുണ്ടാക്കി. പത്തു ദിവസം ഈ വെള്ളിത്തിരയിൽ പഴയ സിനിമകൾ പ്രദർശിപ്പിക്കും. മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാവുക. പ്രദർശനം സൗജന്യമാണ്.

ഒക്ടോബർ 25 ന് കുട്ടിസ്രാങ്ക് എന്ന സിനിമയാണ് ഉദ്ഘാടന ചിത്രം. തുടർന്നുള്ള ദിവസങ്ങളിൽ കുമ്മാട്ടി, കൊടിയേറ്റം, മതിലുകൾ, ഉത്തരാണം, നിർമ്മാല്യം, അമ്മ അറിയാൻ തുടങ്ങിയ സിനിമകളുണ്ട്. ചായക്കട, മുറുക്കാൻ പീടിക, പുസ്തകക്കട എന്നിവയെല്ലാം

ടാക്കീസിനടുത്ത് കെട്ടി പൊക്കിയിട്ടുണ്ട്. പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെയുണ്ടാകും. കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്.

ടാക്കീസിൻ്റെ നിർമ്മാണം കാണാൻ മുൻ മന്ത്രി സജി ചെറിയാൻ എത്തി. സന്തോഷ് ടാക്കീസിന്റെ ഉദ്ഘാടനം 25 ന് അഞ്ച് മണിക്ക് സംവിധായകനും കെ.എസ്.എഫ്.ഡി. സി ചെയർമാനുമായ ഷാജി.എൻ.കരുൺ നിർവ്വഹിക്കും. സ്വിച്ച് ഓൺ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് നിർവ്വഹിക്കും. നടി പ്രിയങ്കാ നായർ മുഖ്യാതിഥിയായി പങ്കെടുക്കും.

പെട്ടിയെത്തി, പെട്ടിയെത്തി

സന്തോഷ് ടാക്കീസിലെ ഫസ്റ്റ് ഷോയുടെ ഫിലിം റോളും കൊണ്ടുള്ള പെട്ടിയെത്തിയപ്പോൾ എല്ലാവരും ചുറ്റും കൂടി. സൈക്കിളിൽ രണ്ട് ഫിലിം പെട്ടികളാണ് വൈകുന്നേരം കൊണ്ടുവന്നത്. സമയത്ത് ഫിലിം

പെട്ടി എത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു സിനിമാ പ്രേമികൾക്ക്. അതുകൊണ്ടു തന്നെ പെട്ടി എത്തിയാൽ അത് നാട്ടിൽ പാട്ടാകും. ടാക്കീസ് പുനർജനിച്ചതിനു പിന്നാലെ ഫിലിം പെട്ടി എത്തുന്നതും പുനരാവിഷ്ക്കരിച്ചത് ആളുകൾക്ക് കൗതുകമായി.

Leave a Reply

Your email address will not be published. Required fields are marked *