മനുഷ്യപ്പറ്റുള്ള നാട്ടുഭാഷയുമായി ‘ന്നാ താൻ കേസ് കൊട് ‘

ദിവാകരൻ വിഷ്ണുമംഗലം

‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമ അതിന്റെ സമകാലികത കൊണ്ട് മാത്രമല്ല പ്രസക്തമാവുന്നത്. പ്രാദേശികഭാഷയെയും പരിസരത്തെയും അവിടത്തെ ജനങ്ങളിലെ നാട്യമില്ലാത്ത അഭിനയവൈഭവത്തേയും ഏറെ ജൈവികമായി ഉപയോഗപ്പെടുത്തി എന്നതും കൊണ്ടു കൂടിയാണ് ഈ സിനിമ വിജയിക്കുന്നത്.

കാഞ്ഞങ്ങാടിൻ്റെയും പരിസരപ്രദേശങ്ങളിലെയും നാട്ടുഭാഷയെ അതിൻ്റെ തനിമയിൽത്തന്നെ കലാത്മകമായി സിനിമപ്പെടുത്തിയത് നാം സാർത്ഥകമായി അനുഭവിച്ചത് സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന മികച്ച നവസിനിമയിലാണ്.

മലയാളമെന്നത് ഏക ഭാഷയല്ലെന്നും നാട്ടുഭാഷകൾ പ്രാദേശിക സംസ്ക്കാര പ്രയോഗ മൂല്യമുള്ളതാണെന്നും അത് പരിഹസിക്കപ്പെടേണ്ടതോ വക്രീകരിച്ച് മിമിക്രീകരിക്കപ്പെടേണ്ടതോ അല്ലെന്നും ഇവയിൽ വെളിവാകുന്നു.

സമകാലീന സാമൂഹിക പ്രശ്നരാഷ്ട്രീയ പരിചരണത്തിൽ ഒരുപടി മേലെ നിൽക്കുന്നുണ്ട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട് ‘ എന്ന ഈ സിനിമ . കോടതിമുറി നമ്മുടെ

ജീവിതത്തിൻ്റെ നേർമുറി തന്നെയാവുകയും കോടതിഭാഷ സാമാന്യജനങ്ങളുടെ നാട്ടുഭാഷയാവുകയും ചെയ്യുന്ന ജൈവനീതിയായി സുതാര്യപ്പെടുന്നതിൻ്റെ മധുരതരമായ ദൃശ്യാനുഭവമുണ്ടിതിൽ.

ഇതിലെ മിക്ക നടീനടൻമാരും കഥാപാത്രഭിന്നമല്ലാതെ സ്വന്തം പേരിലും സ്വത്വത്തിലും അടയാളപ്പെടുന്നതും ഏറെ ശ്രദ്ധേയമാണ്. സൂപ്പർസ്റ്റാറുകളുടെ അമാനുഷികതയിൽ നിന്നും നിത്യജീവിതത്തിലേക്കും മനുഷ്യസ്വത്വരൂപങ്ങളിലേക്കും നമ്മുടെ കാഴ്ചയെ തിരിച്ചു വയ്ക്കുന്നുണ്ട് പ്രതിഭാധനനായ ഇതിൻ്റെ സംവിധായകൻ. കെട്ടുറപ്പുള്ള ഇതിൻ്റെ തിരക്കഥയും മനുഷ്യപ്പറ്റുള്ള സംഭാഷണങ്ങളുമെല്ലാം പരമ്പരാഗത സിനിമാസംസ്ക്കാരക്കെട്ടുകൾ അഴിച്ച് കളയുന്നുണ്ട്.

വിമർശഹാസ്യ പ്രയോഗത്താൽ പണ്ട് കെ.ജി.ജോർജ്ജ് “പഞ്ചവടിപ്പാലം ” എന്ന മഹത്തായ സിനിമയിൽ അനുഭവപ്പെടുത്തിയ സാമൂഹികാവസ്ഥയ്ക്ക് ശേഷം അത് ഏറ്റവും ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുകയാണ് ഈ സിനിമയിൽ. അച്ചടക്കപ്പെട്ട ഭാഷയുടെ ജാമ്യം ഉറപ്പാക്കിയ കോടതിയിൽ നിന്നും ജനത്തിൻ്റെ അവകാശനീതിയിലേക്കുള്ള ഉയിർപ്പിൻ്റെ വിധിപ്രസ്താവം നാമിതിലറിയുന്നു.

സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും പ്രതിഭയും നടീനടന്മാരുടെ മികവുറ്റ പ്രകടനവും കൊണ്ട് ഈ സിനിമ മലയാളിയുടെ ദൃശ്യകലാസംസ്ക്കാരത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ്. സൂപ്പർതാരങ്ങളുടെ പെരുങ്കളിയാട്ടമല്ല ചെറിയ ചെറിയ ഇടങ്ങളിലെ ജൈവികനടനങ്ങളുടെ പ്രത്യക്ഷങ്ങളിലൂടെ ജീവിതം അടയാളപ്പെടുത്തുന്നതാണ് നവസിനിമയുടെ കാതലും കരുത്തുമെന്ന തിരിച്ചറിവിൻ്റെ സാക്ഷാത്ക്കാരത്തിലാണ് ഈ സിനിമ ഉന്നതമാനം കൈവരിക്കുന്നത്.

One thought on “മനുഷ്യപ്പറ്റുള്ള നാട്ടുഭാഷയുമായി ‘ന്നാ താൻ കേസ് കൊട് ‘

  1. കാമ്പുള്ളതും യാഥാർത്ഥ്യം വിളിച്ചു പറയുന്നതുമായ ലേഖനം ….. സിനിമയെ അതിന്റെ രംഗപശ്ചാത്തലത്തിൽ വിശദീകരിച്ചു …… സന്തോഷം പ്രിയ ദിവാകരൻ ….👍

Leave a Reply

Your email address will not be published. Required fields are marked *