ആനച്ചന്തം…ഗണപതി മേളച്ചന്തം…ഇന്നസെൻ്റ് പാട്ടുകാരനായ കഥ

പാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന്‌ സുജാതയും വാണി ജയറാമും വിചാരിക്കരുത്. ഞാനും തരക്കേടില്ലാത്ത ഒരു പാട്ടുകാരനാണ് !

എറണാകുളത്ത് അമൃത ടി.വി സൂപ്പർ സ്റ്റാർ ജൂനിയർ മ്യുസിക് റിയാലിറ്റി ഷോ യുടെ വേദി. മകൻ സൗഭഗ് റിയാലിറ്റി ഷോയിൽ മത്സരിച്ചിരുന്നു. ഞങ്ങൾ രക്ഷിതാക്കൾ എല്ലാവരും മുൻനിരയിൽ തന്നെയുണ്ട്. ഉദ്ഘാടനവും നൃത്തവും പാട്ടുമൊക്കെ കഴിഞ്ഞപ്പോഴാണ് വിശിഷ്ടാതിഥിയായ ഇന്നസെൻ്റിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. സമ്മാനദാനത്തിനാണ് ഇന്നസെൻ്റ് എത്തിയത്‌. സംവിധായകൻ ശ്യാമപ്രസാദ്, ഗായികമാരായ വാണി ജയറാം, സുജാത, വിജയ് യേശുദാസ്, കൃഷ്ണചന്ദ്രൻ, സ്റ്റീഫൻ ദേവസ്സി സംഗീത സംവിധായകൻ രാഹുൽ രാജ് തുടങ്ങി പലരും മുൻ നിരയിലുണ്ട്.

വേദിയിൽ ഇന്നസെൻ്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഞാൻ എന്തുകൊണ്ടും ഇന്നത്തെ ഈ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ യോഗ്യനാണ് എന്നത് നിങ്ങൾക്ക് അറിയില്ലെങ്കിലും എനിക്കറിയാം എന്നു പറഞ്ഞാണ് ഇന്നസെൻ്റ് ആസ്വാദകരെ കൈയിലെടുത്തത്. ഞാനും സിനിമയിൽ പാടിയിട്ടുള്ള ആളാണ്. ‘ഗജകേസരി യോഗം’ എന്ന സിനിമയിൽ ഞാൻ ആനച്ചന്തം ഗണപതി മേളച്ചന്തം… എന്ന പാട്ട് പാടിയിട്ടുണ്ട്. സാന്ദ്രം, മിസ്റ്റർ ബട്ട്‌ളര്‍ എന്നീ സിനിമകളിലും പാടിയിട്ടുണ്ട്. എനിക്ക് ഒരു കാര്യം പറയാനുണ്ട്. പാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന്‌ സുജാതയും വാണി ജയറാമും വിചാരിക്കരുത്. ഞാനും തരക്കേടില്ലാത്ത ഒരു പാട്ടുകാരനാണ് !

നമ്മളെ വിട്ടു പോയ ജോൺസൺ മാസ്റ്ററാണ് ആനച്ചന്തം… എന്ന പാട്ട് എന്നെക്കൊണ്ട് പാടിച്ചത്. പാടിയപ്പോൾ ഒറ്റ ടേക്കിൽ തന്നെ സംവിധായകൻ ഒ.കെ.പറഞ്ഞു. ഫസ്റ്റ് ടേക്കിൽ തന്നെ ഒ.കെയായി. ഞാൻ ദാസേട്ടൻ പാടുന്നത് കേട്ടിട്ടുണ്ട്. ജയചന്ദ്രൻ പാടുന്നതും കേട്ടിട്ടുണ്ട്. പണ്ട് ദാസേട്ടൻ പാടുമ്പോൾ രണ്ടും മൂന്നും ടേക്ക് കഴിഞ്ഞാണ് ഒ.കെ ആകാറ്. എനിക്ക് മനസ്സിൽ ഭയങ്കര സന്തോഷം തോന്നി.

രാത്രി ജോൺസണെ വിളിച്ചു. ജോൺസൺ – എന്താ ഇങ്ങനെ… ഒറ്റ ടേക്കിൽ തന്നെ ഒ.കെ…. ഞാൻ ദാസേട്ടനും ജയചന്ദ്രനും പാടുന്നത് കേട്ടിട്ടുണ്ട്. ഇവർക്കൊക്കെ രണ്ടും മൂന്നും ടേക്ക് വേണ്ടി വന്നിട്ടുണ്ട്. എൻ്റെ പാട്ട് അത്രയും നന്നായോ? നന്നായിട്ടില്ലടോ… ഇത് നൂറ് പ്രാവശ്യം എടുത്താലും ഇങ്ങനെത്തന്നെ ഉണ്ടാകു. പിന്നെ എന്തിനാടോ സമയം കളഞ്ഞ് ആ പൊഡ്യൂസറുടെ കാശ് കളയുന്നത് എന്നായിരുന്നു ജോൺസൺ പറഞ്ഞത്. അപ്പോൾ ഫസ്റ്റ് ടേക്കിൽ ഒ.കെയായ ഗായകനായതു കൊണ്ടാകാം എന്നെ ഈ മ്യുസിക്ക് റിയാലിറ്റി ഷോ പരിപാടിക്ക് കൊണ്ടുവന്നത് – കരഘോഷത്തിനിടയിൽ ഇന്നസെൻ്റ് പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ദേവസ്സിയും ഇന്നസെൻ്റും ചേർന്ന് ആനച്ചന്തം… എന്ന പാട്ട് പാടുകയും ചെയ്തു. ഇന്നസെൻ്റ് ഒരു കാര്യം കൂടി പറഞ്ഞു. ആദ്യത്തെ രണ്ടുവരി എൻ്റത് എപ്പോഴും ഒ.കെയാണ്. ഒരു പ്രശ്നൂല്ല. രണ്ടാമത് ഇത് പൊക്കിയെടുക്കുക എന്നൊക്കെ പറയില്ലെ. അതെനിക്ക് പറ്റില്ല. താമസമെന്തേ വരുവാൻ… എന്ന ദാസേട്ടൻ്റെ പാട്ട് ആദ്യത്തേത് ഞാൻ പാടും. അത് കഴിഞ്ഞ് ഹേമന്ദ യാമിനി … അതാ പോണെ… എൻ്റെ കൈയീന്ന്. അത് എനിക്ക് ഇതുവരെ പൊക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതും ഞാൻ ഒരു ദിവസം പൊക്കും – ഇന്നസെൻ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *