ഓസ്കർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും ഗുരുവായൂരിൽ

ഓസ്കർ തിളക്കത്തിൽ താരദമ്പതിമാർ ഗുരുവായൂരപ്പനെ തൊഴാനെത്തി. മികച്ച ഹ്രസ്വ ഡോക്യുമെൻ്ററി ചിത്രത്തിനുള്ള ഓസ്കർ പുരസ്ക്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാരായ ബൊമ്മനും ബെള്ളിയുമാണ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത്. ഇരുവരെയും ദേവസ്വം ആദരിക്കുകയും ചെയ്തു.

തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരാണ് ഇരുവരും. ഇവർ മക്കളെ പോലെ വളർത്തിയ രണ്ട് കുട്ടിയാനകളുടെ ജീവിതകഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫൻ്റ് വിസ് പറേഴ്സ്. ഗുരുവായൂരപ്പ ഭക്തരായ ഇരുവരും എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്താറുണ്ട്. “തങ്ങളുടെ കഥയും അഭിനയവും

പങ്കുവെച്ച ചിത്രത്തിന് ഓസ്കർ പുരസ്ക്കാരം ലഭിച്ചപ്പോൾ സന്തോഷമുണ്ടായി. അതിന് ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. ഭഗവാനെ കണ്ട് അതറിയിക്കണമെന്ന് തോന്നി ” – ബൊമ്മൻ പറഞ്ഞു.

കൊച്ചു മകൻ സഞ്ചുകുമാറിനോടൊപ്പം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ബൊമ്മൻ – ബെള്ളി ദമ്പതിമാർക്ക് ദേവസ്വം സ്വീകരണം നൽകി. ഇരുവരെയും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ എ.കെ.രാധാകൃഷ്ണൻ, കെ.എസ് മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എകെ രാധാകൃഷ്ണൻ ബൊമ്മൻ – ബെള്ളി ദമ്പതിമാർക്കൊപ്പം ഉണ്ടായിരുന്നു. അച്ഛനും മുത്തച്ഛനുമെല്ലാം ആന പരിശീലകരായിരുന്നു. മൂന്നു മക്കളാണ് ഈ ദമ്പതിമാർക്ക്.  കാളൻ, മഞ്ചു, ജ്യോതി. മൂവരും വിവാഹിതർ.

Leave a Reply

Your email address will not be published. Required fields are marked *