തിക്കോടിയിൽ ചെറുമത്തിയുമായി ഏഴു വള്ളങ്ങൾ പിടികൂടി 

കോഴിക്കോട് തിക്കോടി ലാൻഡിംഗ് സെന്ററിൽ നടത്തിയ പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴസ്‌മെന്റും കോസ്റ്റൽ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഏഴു വള്ളങ്ങൾ പിടികൂടിയത്.

കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നവയാണ് ഈ വള്ളങ്ങൾ. സർക്കാർ ഉത്തരവ് പ്രകാരം നിയമ പ്രകാരമുള്ള കുറഞ്ഞ വലുപ്പം ഇല്ലാത്ത ആറു  മുതൽ എട്ട്  സെൻറി മീറ്റർ വരെ മാത്രം വലുപ്പമുള്ള മത്തിയുമായാണ് വള്ളങ്ങൾ പിടിയിലായത്. പിഴയടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

മത്സ്യസമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ അറിയിച്ചു. പരിശോധനക്ക് കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ. ആതിര, കോസ്റ്റൽ പോലീസ് എസ്‌.സി.പി.ഒ. വിജേഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറി ഗാർഡ് ജിതിൻ ദാസ്, കോസ്റ്റൽ പോലീസ് വാർഡൻ അഖിൽ, റസ്‌ക്യൂ ഗാർഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *