പുണെ ബ്രിഹാൻ കോളേജിൽ വിദ്യാർത്ഥികളുടെ ഭക്ഷ്യമേള

ലോകത്തെ വിവിധ രാജ്യങ്ങളിലെ ഭക്ഷണ സാധനങ്ങൾ കാണാനും രുചിച്ച് ആസ്വദിക്കാനും വിദ്യാർത്ഥികളുടെ തിരക്ക്. പുണെ ശിവാജി നഗറിലെ ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമേഴ്സ് വിദ്യാർത്ഥികളുടെ ഭക്ഷ്യമേള രുചിയുടെ പ്രത്യേക ലോകം തന്നെ തുറന്നിട്ടു. പാട്ടും നൃത്തവും ആസ്വദിച്ച്‌ വിദ്യാർത്ഥികൾ വിവിധ വിഭവങ്ങൾ രുചിച്ചു. ബി.ബി.എ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് കാമ്പസിൽ 14 ഭക്ഷ്യ സ്റ്റാളുകൾ ഉയർന്നത്.

ബി.ബി.എ. ഇൻ്റർനാഷണൽ ബിസിനസ്സ്, ബി.ബി.എ.മാർക്കറ്റിങ് വിദ്യാർത്ഥികൾ ഭക്ഷണം ഉണ്ടാക്കി വില്പന നടത്തുന്നതിൽ മത്സരിച്ചു. അമേരിക്ക, ചൈന, ഇറ്റലി, സ്പെയിൻ, ബെൽജിയം, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ കൊതിയൂറുന്ന വിഭവങ്ങളാണ് ഉണ്ടാക്കിയത്.

വിദ്യാർത്ഥികൾ 10 പേരുള്ള ഗ്രൂപ്പായി തിരിഞ്ഞ് സ്വന്തമായി പണം കണ്ടെത്തിയാണ് മേള നടത്തിയത്. ഗ്രൂപ്പുകൾക്ക് നൽകിയിട്ടുള്ള രാജ്യങ്ങളുടെ ഭക്ഷണവിഭവം ഉണ്ടാക്കാൻ പഠിച്ച് അത് സ്റ്റാളിൽ നിന്ന് ഉണ്ടാക്കി വില്പന നടത്തണം. അതിനു വേണ്ട മാർക്കറ്റിങ് തന്ത്രങ്ങളെല്ലാം സ്റ്റാളുകളിൽ ഒരുക്കണം.

സ്റ്റാളുകൾ ഭംഗിയായി അലങ്കരിച്ചും കലാപരിപാടികൾ നടത്തിയുമാണ് പല സ്റ്റാളുകാരും ഭക്ഷണ പ്രേമികളെ ആകർഷിച്ചത്. ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന ഗ്രൂപ്പിന് സമ്മാനവുമുണ്ട്. രാവിലെ ഒമ്പതു മുതൽ മൂന്നു മണി വരെയായിരുന്നു മേള. നേപ്പാൾ സ്റ്റാളിൽ നേപ്പാളിൻ്റെ പ്രിയപ്പെട്ട വിഭവമായ മോമോസും കുൾഫിയും വില്പന നടത്തി 13750 രൂപ വരുമാനമുണ്ടാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. പ്രിൻസിപ്പൽ ജഗദീഷ് ലാഞ്ചേക്കർ, അധ്യാപകരായ ശില്പി ലോക്കറേ, ദീപാ ശർമ്മ എന്നിവർ വിദ്യാർത്ഥികൾക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *