കൊതിയൂറും വിഭവങ്ങളുമായി കുടുംബശ്രീ കഫേ റസ്റ്റോറൻ്റ്

ഇഷ്ട വിഭവങ്ങളുമായി കുടുംബശ്രീയുടെ കഫേ പ്രീമിയം റസ്റ്റോറൻ്റ്. ഇവിടെ കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും സ്വാദ് അറിയാം. കെട്ടിലും മട്ടിലും ഉന്നത നിലവാരത്തോടെയാണ് അങ്കമാലിയില്‍ കേരളത്തിലെ ആദ്യ പ്രീമിയം കുടുംബശ്രീ റസ്റ്റോറൻ്റ്  തുടങ്ങിയിരിക്കുന്നത്.

അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് റസ്റ്റോറൻ്റ് പ്രവര്‍ത്തിക്കുന്നത്. സംരംഭകയായ അജിത ഷിജോയുടെ

നേതൃത്വത്തിലാണ് പ്രവര്‍ത്തനം. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഇരുപതോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.

കുടുംബശ്രീയുടെ ജനപ്രിയമായ വന സുന്ദരി, ഗന്ധക ചിക്കന്‍ എന്നിവയോടൊപ്പം അങ്കമാലിയുടെ പ്രാദേശിക വിഭവങ്ങളായ മാങ്ങാക്കറി, ബീഫും കൂര്‍ക്കയും, പോര്‍ക്കും കൂര്‍ക്കയും തുടങ്ങിയവയും ലഭ്യമാണ്. കുടുംബശ്രീയുടെ പുതിയ വിഭവമായ കൊച്ചി മല്‍ഹാര്‍ ജനപ്രിയമാണ്. കാരച്ചെമ്മീന്‍ (ടൈഗര്‍ പ്രോണ്‍) കൊണ്ടുണ്ടാക്കിയ വിഭവമാണിത്. ഗന്ധക ചിക്കന്‍, ഫിഷ് തവ ഫ്രൈ, ചിക്കന്‍ വറുത്തരച്ചത് തുടങ്ങിയ വിഭവങ്ങളാണ് ഉദ്ഘാടന ദിവസം വിളമ്പിയത്. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടനം ചെയ്തത്.

ശീതികരിച്ച് മനോഹരമായാണ് റസ്റ്റോറൻ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിമുറി, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേ സജ്ജമായിരിക്കുന്നത്.

എല്ലാ ജില്ലകളിലും കുടുംബശ്രീ  റസ്റ്റോറൻ്റുകൾ

മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ്  റസ്റ്റോറന്റുകള്‍ ആരംഭിക്കുകയാണ്. കുടുംബശ്രീയുടെ കൈപുണ്യം ലോകമാകെ

അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *