ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കും- മുഖ്യമന്ത്രി

സംസ്ഥാന ക്ഷീര സംഗമം പടവ് -23ന് ഔദ്യോഗിക തുടക്കം

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍  സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം പടവ് -23  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രണം നടപ്പിലാക്കുന്നതിനുമായുള്ള കാലിത്തീറ്റ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, ആലത്തൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ലാബുകളുടെ  അടിസ്ഥാന  സൗകര്യവികസനത്തിനായി കൂടുതല്‍ തുക കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സര്‍ക്കാര്‍  വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എന്‍.എ.ബി.എല്‍  അക്രഡിറ്റേഷനോടുകൂടിയ സംസ്ഥാന  ഡയറി ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനായി. പാല്‍, പാലുല്‍പന്നങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഭൗതിക, രാസ, അണു ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള രാജ്യാന്തരസൗകര്യങ്ങള്‍ ലാബില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 – 23 വാര്‍ഷിക ഫണ്ടില്‍ നിന്ന് 130 കോടി ക്ഷീരമേഖലയുടെ വികസനത്തിനായി നീക്കി വെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 2021-22, 2022-23  എന്നീ  വര്‍ഷങ്ങളിലായി  15.20  കോടി  രൂപ  സംസ്ഥാന ബജറ്റില്‍ നിന്ന് തീറ്റപ്പുല്‍ വികസന പദ്ധതികള്‍ക്കായി  ചെലവഴിച്ചിട്ടുണ്ട്. 11883 ഹെക്ടര്‍  സ്ഥലത്ത്  അധികമായി  തീറ്റപ്പുല്‍കൃഷി  വ്യാപിപ്പിക്കാന്‍  സാധിച്ചത്  വഴി  19.01  ലക്ഷം മെട്രിക്  ടണ്‍  അധിക തീറ്റപ്പുല്‍  ഉത്പാദനം  സാധ്യമായി. അതിദരിദ്ര കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 2022 – 23 വര്‍ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 140 വനിതകള്‍ക്ക് ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
സാധാരണ ജനങ്ങളുടെ ഉപജീവനമാര്‍ഗമായ ക്ഷീരമേഖലയെ  ശക്തിപ്പെടുത്തി സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
 
മികച്ച രീതിയിലുള്ള മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ക്ഷീരമേഖല കാഴ്ച്ചവയ്ക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന വിപുലമായ ഘോഷയാത്രയോടെയാണ് സംസ്ഥാന ക്ഷീരസംഗമം പടവ് -23ന് തുടക്കമായത്.
 
വെറ്ററിനറി കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, എം.എല്‍.എമാരായ  പി.ബാലചന്ദ്രന്‍, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി.കുമാര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍, എന്നിവര്‍ പങ്കെടുത്തു
 

Leave a Reply

Your email address will not be published. Required fields are marked *