ഇടുക്കി സ്‌പൈസസ് പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക്   മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്.

കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

വലുപ്പം കൊണ്ട് ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്. മാത്രമല്ല ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവിൽ നല്ല മതിപ്പുമാണ്.  അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ടതുണ്ട്.  മാനദണ്ഡങ്ങൾ  കർശനമായി പാലിക്കണം. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടം അടുത്ത ഒമ്പത് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അധ്യക്ഷത വഹിച്ച  വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2021ൽ തറക്കല്ലിട്ട പാർക്കിന്റെ  ഉദ്‌ഘാടന സമയത്തുതന്നെ 80 ശതമാനം പ്ലോട്ടുകളും അലോട്ട് ചെയ്യാൻ കഴിഞ്ഞുവെന്നത് കിൻഫ്രയുടെ വലിയ നേട്ടമാണ്. ദക്ഷിണേന്ത്യയിലെ മികച്ച 12 വ്യവസായപാർക്കുകളിൽ അഞ്ചെണ്ണവും കിൻഫ്രയുടേതാണ്. പെട്രോകെമിക്കൽ പാർക്ക് 2024 പൂർത്തീകരിക്കും. -മന്ത്രി പറഞ്ഞു.

ചരിത്ര നേട്ടമാണ് സ്‌പൈസസ് പാർക്കിലൂടെ ഇടുക്കി കൈവരിച്ചിരിക്കുന്നതെന്ന്  മുഖ്യ അതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.15 ഏക്കര്‍ സ്ഥലത്ത് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു.  സുഗന്ധവ്യഞ്ജന തൈലങ്ങള്‍,  കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.

റോഡ്, ശുദ്ധജലം, വൈദ്യുതി  തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍, ക്രഷ് എന്നീ സൗകര്യങ്ങള്‍  പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. എം.എൽ.എ മാരായ എം.എം. മണി, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്ജ് തുടങ്ങിയവർ  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *