മധുരം വിളമ്പാൻ ആലങ്ങാടൻ ശർക്കര തിരികെയെത്തുന്നു

ആലങ്ങാടിന്റെ മണ്ണിൽ കരിമ്പ് കൃഷി വിളവെടുക്കുന്നതോടെ ആലങ്ങാടൻ ശർക്കരയും തിരികെയെത്തും. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെയും ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെയും  ഭാഗമായാണ് എറണാകുളം ജില്ലയിലെ ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താർജ്ജിക്കുന്നത്.

നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുവാലൂർ എന്നിവിടങ്ങളിൽ നിലവിൽ ആറ് ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. കൊടുവഴങ്ങയിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, ആലങ്ങാട് സഹകരണ ബാങ്ക്, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്.

മണ്ണിൽ മധുരം വിളഞ്ഞു തുടങ്ങിയതോടെ ആലങ്ങാടിന്റെ പെരുമ ഉണർത്തുന്ന ആലങ്ങാടൻ ശർക്കര ഉല്പാദിപ്പിക്കാൻ ഒരുങ്ങുകയാണ് ആലങ്ങാട് സഹകരണ ബാങ്ക്. ശർക്കര നിർമ്മാണ യുണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന ഫണ്ട്  വിനിയോഗിച്ചാണ് ശർക്കര നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാകുന്നത്. 35 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിക്കുന്ന യൂണിറ്റിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകും. 2024-ൽ ആലങ്ങാടൻ ശർക്കര വിപണിയിൽ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *