കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പദ്ധതികളുമായി യു.ഡി.എഫ് മുന്നോട്ടു പോകും – വി.ഡി. സതീശൻ
കേരളത്തിലെ ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ഇത്രയും വലിയ ഉജ്ജ്വല വിജയം ടീം യു.ഡി.എഫിന് സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കണ്ടോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരാർത്ഥത്തിൽ ടീം യു.ഡി.എഫ്. ഒരു കുടുംബമായി പ്രവർത്തിച്ചു. ഒരു പുതുയുഗം കേരളത്തിലുണ്ടാകും. ജനങ്ങളുടെ പ്രതീക്ഷയ് ക്കൊത്തുള്ള ഭരണം ഇവിടെ ഉണ്ടാകും. രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളത്തെ എത്തിക്കാനുള്ള പദ്ധതികളും പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകും.
ഞങ്ങളുടെ ടീം യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഈ വിജയം സാധ്യമാക്കിയ യു.ഡി.എഫ്. നേതാക്കൾക്കും പതിനായിരക്കണക്കിന് വരുന്ന യു.ഡി.എഫ് പ്രവർത്തകർക്കും ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. കേരളത്തിലുടനീളം ശക്തമായ പ്രചാരണം നടത്തിയ പ്രിയങ്കരനായ രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെക്കും പ്രിയങ്കാ ഗാന്ധിക്കും മറ്റ് എ.ഐ.സി. സി. നേതാക്കൾക്കും പ്രത്യേക നന്ദി പറയുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒരു വാക്ക് നൽകിയിരുന്നു – കേരളത്തിലെ യു.ഡി.എഫിനെ തിളക്കമാർന്ന വിജയത്തോടുകൂടി തിരിച്ചു കൊണ്ടുവരുമെന്ന്. ആ വാക്കുപാലിക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ ചാരിതാർത്ഥ്യമുണ്ട് – വി.ഡി. സതീശൻ പറഞ്ഞു.




















