ആധുനിക സൗകര്യങ്ങളോടെ കിന്‍ഫ്ര എക്‌സിബിഷന്‍ സെന്റര്‍

ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള സര്‍ക്കാരിന് വേണ്ടി വ്യാവസായിക പ്രോത്സാഹനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ്‌ കൊച്ചി കാക്കനാട് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുയോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പ്രദര്‍ശനങ്ങള്‍, വ്യാവസായിക പ്രചരണങ്ങള്‍, കരകൗശല വസ്തുക്കളുടെ വ്യാപാരമേളകള്‍, കോണ്‍ഫറന്‍സുകള്‍, ബിനാലെ, എക്‌സ്‌പോ തുടങ്ങിയവയ്ക്കുള്ള ലക്ഷ്യസ്ഥാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്ഥിര സജ്ജീകരണ നിലവാരമുള്ള എക്‌സിബിഷന്‍ സെന്റര്‍ വികസിപ്പിക്കുക വഴി സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങള്‍ക്ക് അവരുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഇത് പിന്തുണ നല്‍കും.

കൂടാതെ വ്യാവസായിക കാര്‍ഷിക ചെറുകിട ഇടത്തര മേഖലയില്‍ ഉള്ള  സംരംഭകർക്കും സേവന ദാതാക്കള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സേവന സൗകര്യങ്ങളും വിവിധ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ച് ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തുവാനും സഹായകമാകും.

എക്‌സിബിഷന്‍ ഹാളുകളും കണ്‍വെന്‍ഷന്‍ സെന്ററും പ്രധാന ഘടകങ്ങളായ പദ്ധതിക്ക്  90 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്.  കിന്‍ഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‌ സമീപമുള്ള 10 ഏക്കര്‍ സ്ഥലത്ത് വികസിപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതിയ്ക്ക് 60 കോടി രൂപ കേരള സർക്കാരും 30 കോടി രൂപ കിന്‍ഫ്രയുമാണ് ചെലവിടുന്നത്.

4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും ശീതീകരണ സംവിധാനമുള്ള ആറ്‌ എക്‌സിബിഷന്‍ യൂണിറ്റുകള്‍ ആയിട്ടാണ് 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കുവാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോണ്‍സ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്‌ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള  24 സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഓരോ യൂണിറ്റിലും കോമണ്‍ ലോക്കര്‍ സൗകര്യം, നെയിം ടാഗിംഗ് മുറി, സ്റ്റോര്‍ റൂം എന്നിവയുണ്ട്. ആധുനിക സുരക്ഷ സംവിധാനം ഉപയോഗിച്ചുള്ള പ്രവേശനം, 24 x 7 ക്യാമറ നിരീക്ഷണ സംവിധാനങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തോടു കൂടി ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനവും സജ്ജമാകും.

ഓരോ യൂണിറ്റുകള്‍ക്കും ട്രെയ്ലര്‍ നിര്‍ത്തിയിട്രൻ പാകത്തിനുള്ള ഡെസ് പാച്ച് ബേ, തുറസ്സായ സ്ഥലത്ത് ലാന്‍ഡ് സ്‌കേപിങ്ങും ഓപ്പണ്‍സ്റ്റേജ്‌ പരിപാടികളും നടത്താനാവുന്ന സൗകര്യങ്ങള്‍  എന്നിവയുമുണ്ട്.700 കാറുകള്‍ക്കും, 400 ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *