ഗുരുവായൂരിൽ ശീതീകരണ സംവിധാനം ഒരുക്കുന്നു

മൂന്നാഴ്ചയ്ക്കകം ശീതികരണ സംവിധാനം ഒരുക്കാമെന്ന് വിദഗ്ധ സംഘം

ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണത്തിനായി എയർകൂളർ സംവിധാനം ഏർപ്പെടുത്തുന്നു. പഴനി ക്ഷേത്ര മാതൃകയിൽ മൂന്നാഴ്ചയ്ക്കകം ശീതീകരണ സംവിധാനം സജ്ജീകരിക്കാനാകുമെന്ന് തമിഴ്നാട്ടിൽ നിന്നെത്തിയ എൻജിനിയറിങ്ങ് വിദഗ്ധ സംഘം അറിയിച്ചു.

ക്ഷേത്ര നാലമ്പലം,ചുറ്റമ്പലം,കൗണ്ടിങ്ങ് ഹാൾ എന്നിവിടങ്ങളിലാണ് ശീതികരണ സംവിധാനം ഒരുക്കുക. ഇതിനായി എയർ കൂളർ സംവിധാനം സ്ഥാപിക്കും. മൂന്നിടങ്ങളിലും മൂന്ന് സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.

ഭക്തർക്ക് സുഗമമായ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ ശീതീകരണ സംവിധാനം ഒരുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. ഈ സംവിധാനം ഒരുക്കുന്നതിനാണ് തമിഴ്നാട് എൻജിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. രമേഷ് കുമാർ.എസ്, മാനേജർ എസ്.എസ്.സന്ദീപ്, മാർക്കറ്റിങ്ങ് ഡയറക്ടർ, മുരുകാനന്ദ .കെ എന്നിവർ ദേവസ്വം ആസ്ഥാനത്ത് എത്തിയത്.

ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ ദേവസ്വം ഇലക്ട്രിക്കൽ,മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി വിദഗ്ധ സംഘം ചർച്ച നടത്തി. വിശദ ചർച്ചകൾക്കുശേഷം പദ്ധതിയുടെ  പ്രായോഗിക പ്രവർത്തന രേഖയ്ക്ക് രൂപം നൽകി.  പദ്ധതി വൈകാതെ നടപ്പാക്കാനാണ് ദേവസ്വം തീരുമാനം. കെ.പി.എം. പ്രോസസിങ്ങ് ഉടമ ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *