അന്താരാഷ്ട്ര രംഗകലാലയ ഉത്സവം ജനുവരി 14 മുതൽ

തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ് വേദിയാകും

സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്‌സ്‌ തൃശ്ശൂരിന്റെ രണ്ടാമത് അന്താരാഷ്ട്ര രംഗകലാലയ ഉത്സവം (ഐ.എഫ്.ടി.എസ്.) ജനുവരി 14 മുതൽ 19 വരെ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രംഗകലാലയങ്ങളെ സമകാലീന പ്രസക്തമായ ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും ഇടങ്ങളാക്കി മാറ്റാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്ത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻറ് ഫൈന്‍ ആര്‍ട്‌സ്‌ അന്താരാഷ്ട്ര രംഗ കലാലയ ഉത്സവത്തിന് വേദിയൊരുക്കുന്നത്. ഇതേ ലക്ഷ്യത്തിനായി അനുയോജ്യമായ തീയറ്റർ പെഡഗോളജിക്ക് രൂപം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

സമഗ്രമായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിലേക്കായി നടന്നു വരുന്ന പ്രവർത്തനങ്ങളിലെ ഈടുവെപ്പാണ് അന്താരാഷ്ട്ര രംഗകലാലയ ഉത്സവമെന്ന് മന്ത്രി പറഞ്ഞു. ബോധനശാസ്ത്രം, രംഗകല, പരിസ്ഥിതി ശാസ്ത്രം (കാർണിവൽ ഓഫ് പെഡഗോളജി; തീയറ്റർ ആന്റ് ഇക്കോളജി) എന്നതാണ്  ആറ് ദിവസത്തെ ഉത്സവത്തിന്റെ പ്രമേയം. രംഗകലയും പരിസ്ഥിതി ശാസ്ത്രവും ഉൾപ്പെട്ട ഒരു നവബോധശാസ്ത്രത്തിന്റെ ആവശ്യകതയും സാധ്യതകളും മേള അവലോകനം ചെയ്യും.

ദേശീയ- അന്തർദേശീയ സർവകലാശാലകളുടെ രംഗാധ്യാപന വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ഉത്സവത്തിൽ പങ്കാളികളാകും. ആശയങ്ങളുടെ പാർലമെൻറ്, പാനൽ ചർച്ചകൾ, വിദ്യാർത്ഥി സംവാദ സദസ്സുകൾ, അധ്യാപക സംവാദ സദസ്സുകൾ, സാംസ്കാരിക പഠന യാത്രകൾ, വിദ്യാർത്ഥി നാടക അവതരണങ്ങൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.

കേരള സംഗീത നാടക അക്കാദമി, കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല, കേരള കലാമണ്ഡലം, ഷേർ -ജിൽ സുന്ദരം ഫൗണ്ടേഷൻ തുടങ്ങിയ സർവ്വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്  ഉത്സവം നടത്തുക. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള, എച്ച്. ഒ.ഡി ശ്രീജിത്ത് രമണൻ  തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *