പൈതൃകത്തിൻ്റെ പുതുമോടിയിൽ കോഴിക്കോട് തളി ക്ഷേത്രക്കുളം

കോഴിക്കോടിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് തളി ക്ഷേത്രക്കുളവും പരിസരവും. വിനോദസഞ്ചാരികള്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും നയനാനന്ദകരമായ കാഴ്ചകളൊരുക്കിയാണ് നവീകരണം നടത്തിയിരിക്കുന്നത്. നൂതന സംവിധാനത്തോടെ അണിയിച്ചൊരുക്കിയ സ്റ്റേജും പ്രദര്‍ശന-വെളിച്ച സംവിധാനങ്ങളും 

പരിസരത്തിന് പ്രഭ  നൽകുന്നു. തളി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം നടത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ മ്യൂസിയം-തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 1.25 കോടിയും കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം

മുൻ നിയമാസഭാംഗം ഡോ. എം.കെ. മുനീർ എം.എൽ.എ. അനുവദിച്ച 75 ലക്ഷം രൂപയും ഉപയോഗിച്ചാണ് ക്ഷേത്രക്കുളവും പരിസരവും നവീകരിച്ചത്. കുളം നവീകരിച്ച് സംരക്ഷണ ഭിത്തി കെട്ടി പെയിന്റിംഗ് നടത്തി. കുളത്തിന്റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കു ഭാഗത്ത് കുളപ്പുരകള്‍ എന്നിവ പുനര്‍നിര്‍മ്മിച്ചു. കിഴക്ക് ഭാഗത്ത് ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങള്‍ക്ക് സമീപം കുളത്തിന് അഭിമുഖമായി നിര്‍മ്മിച്ച എട്ട്

ചുമരുകളിലാണ് സിമന്റില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയത്. സാമൂതിരി ഭരണകാലത്തെ വിവിധ ദൃശ്യങ്ങളാണ് ഈ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളുടെ വിവരണങ്ങള്‍ ചുമരിന് പിന്നില്‍ പതിച്ചിട്ടുണ്ട്. അരിയിട്ട് വാഴ്ച, രാജാവിന്റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതിപട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജ സംഗീത സഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണ് ചുമരിലെ ചിത്രങ്ങളില്‍

ഒരുക്കിയ ചരിത്രദൃശ്യങ്ങള്‍. റോഡരികില്‍ ക്ഷേത്ര മതിലിനോട് ചേര്‍ണ് ഔഷധച്ചെടികള്‍, പൂജാപുഷ്പങ്ങള്‍ തുടങ്ങിയവയുള്ള സസ്യോദ്യാനം നിര്‍മ്മിച്ചിട്ടുണ്ട്. ആല്‍ത്തറകള്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കി നവീകരിച്ചു. മികച്ച ശബ്ദ-വെളിച്ച സംവിധാനം, എല്‍.ഇ.ഡി വാള്‍ എന്നിവ സജ്ജീകരിച്ചാണ് സ്റ്റേജ് നവീകരിച്ചത്. നടപ്പാതയും പടവുകളും നിര്‍മ്മിച്ചു. മ്യൂസിയം, ലൈബ്രറി എന്നിവയും

പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചുക്കാന്‍ പിടിച്ച നവീകരണ പദ്ധതി രൂപകല്‍പ്പന ചെയ്തത് എന്‍.ഐ.ടി ആര്‍കിടെക്ചറല്‍ വിഭാഗം പ്രൊഫ എ.കെ. കസ്തൂര്‍ബയാണ്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സാംബശിവറാവു അറിയിച്ചു.

ഫോട്ടോ : എസ്. എം. സുരേഷ് ബാബു

Leave a Reply

Your email address will not be published. Required fields are marked *