കാറ്റും മഴയും വിരുന്നു വരുന്ന ‘തറവാട് ‘

കാഞ്ഞങ്ങാട് ആന്ദാശ്രമത്തിനടുത്തായി “ബാംസുരി”എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര

“ചെങ്കല്ലിൽ കെട്ടിയ പഴയ തറവാട് പോലൊരു ഓടിട്ട ഇരുനില വീട് വേണം… നാലുകെട്ടിന്റെ ഭംഗി വേണം” – ഡോ.അഭിലാഷിന്റെയും ഭാര്യ ഡോ. നമിതയുടെയും ആവശ്യം ഇതായിരുന്നു. ഞാൻ ചെങ്കല്ലിൽ പണിത ഒന്നു രണ്ടു വീടുകൾ കാണിച്ചു കൊടുത്തു. അവർക്ക് അത് ഇഷ്ടമായി. അങ്ങിനെ ഡിസൈൻ വർക്ക് തുടങ്ങി.     കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമത്തിനടുത്തായി പന്ത്രണ്ട് സെന്റിൽ തലയുയർത്തി നിൽക്കുന്ന ” ബാംസുരി “എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര നടന്നു കയറി.     

ശ്യാംകുമാർ പുറവങ്കര

പടിപ്പുരവാതിലും ചുറ്റുമതിലുമുള്ള പറമ്പിലേക്ക് കയറിയാൽ നാലുകെട്ടു പോലുള്ള വീടിന്റെ വലിയ പൂമുഖമാണ് നമ്മളെ സ്വാഗതം ചെയ്യുക. വീതിയുള്ള ചുറ്റുവരാന്തയുമുണ്ട്. ചെങ്കല്ലിൽ കടഞ്ഞെടുത്ത തൂണുകളാണ് വരാന്തയുടെ ഇരുത്തിക്ക് മുകളിലുള്ളത്. വരാന്തയുടെ ചുമരിൽ പഴമയിൽ തീർത്ത ജനലുകളാണ്.ഇത് വീടിന് പൗരാണിക കാഴ്ചയും പ്രൗഡിയും നൽകുന്നു.

വലിയ വാതിൽ തുറന്ന് അകത്തു കയറിയാൽ നടുമുറ്റമാണ്. ഇതിനു പിന്നിലായി പൂജാമുറി ഒരുക്കാനുള്ള സ്ഥലം. രണ്ട് കിടപ്പുമുറി, അടുക്കള , വർക്ക്ഏരിയ ഇത്രയുമാണ് താഴത്തെ സൗകര്യങ്ങൾ.ഇനി മരം കൊണ്ടുള്ള ഗോവണി കയറി പോകാം. ഒറ്റ നോട്ടത്തിൽ മരത്തിന്റെ ഗോവണിയാണെന്ന് തോന്നുമെങ്കിലും കോൺക്രീറ്റിൽ തീർത്ത് മരം പൊതിഞ്ഞിരിക്കുകയാണ്. മുകളിലെത്തിയാൽ ഭംഗിയുള്ള വലിയ ലിവിങ്ങ് ഹാൾ ആരെയും ആകർഷിക്കും.

ചുറ്റും കൈവരികളുള്ള ഹാളിൽ നിന്ന് നടുമുറ്റത്തിന്റെ ഭംഗി കാണാം. ഇതിനടുത്തായി ചാരുപടിയോടുകൂടിയ ഇരുത്തിയുണ്ട്. ഇവിടെ ഇരുന്ന് പുറത്തേക്ക് നോക്കി പ്രകൃതി ആസ്വദിക്കാം. വടക്ക് കിഴക്കേ മൂലയിൽ ഒരു ബാൽക്കെണിയുമുണ്ട്. ഇതിനടുത്തായി രണ്ട് കിടപ്പുമുറി.  ഹാളിൽ നിന്ന് മുകളിലോട്ട് നോക്കിയാൽ കോൺക്രീറ്റ് വീടാണെന്ന് തോന്നും. അതെ… ഇത് കോൺക്രീറ്റ് തന്നെ.

നാലിഞ്ച് കനത്തിൽ വീടിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. ഇതിനു മുകളിലാണ് ട്രസ് വർക്ക് ചെയ്ത് ഓടിട്ടിരിക്കുന്നത്. അകത്ത് ഇത് മൂന്നു നില വീടാണ്. ഇവിടെ നിന്ന് മച്ചിലേക്ക് ഗോവണി കയറി പോയാൽ മുകളിൽ വിശാലമായ സ്ഥലമാണ്. അകത്ത് അഞ്ചടി ഉയരമുണ്ട്. ജന്മദിന പാർട്ടി നടത്താനും കുട്ടികൾക്ക് കളിക്കാനുമെല്ലാം പറ്റുന്നതാണ് ഈ സ്ഥലം.

വീടിന്പുറത്ത് ചെങ്കല്ലിന്റെ ഭംഗിയാണെങ്കിലും അകത്തെ ചുവരുകളെല്ലാം ജിപ്സം പ്ലാസ്റ്റർ  കൊണ്ട് തേച്ചിട്ടുണ്ട്. നിലംസെറാമിക് ടൈലാണ്. ഓടിട്ടതിനാൽ മുകളിലെ കോൺക്രീറ്റിന്റെ ചൂടില്ല. ആവശ്യത്തിന് ജനാലകളും അകത്തളവുമുള്ളതിനാൽ പുറത്തെ കാറ്റ് അകത്തെത്തും. വേനലിൽ ചൂട് തീരെയില്ല മുറികളിൽ എ.സി വെച്ചിട്ടുമില്ല. നിലം സെറാമിക് ടൈലാണ്. മഴക്കാലത്ത് നടുമുറ്റത്തെ മഴ ഒരു കാഴ്ച തന്നെയാണ്. ഇത് അകത്തിരുന്ന് ആസ്വദിക്കാം.

 പടിപ്പുരയ്ക്ക് തൊട്ട് വലിയ ഗെയിറ്റുണ്ട്. ഇതിലൂടെ വാഹനത്തിന് നേരെ കാർപോർച്ചിൽ കയറാം. വീടിനു മുന്നിലായി കുറച്ചു ഭാഗം ഉയർത്തി പുല്ലുപിടിപ്പിച്ച് ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം ഗ്രാനൈറ്റ് സ്ലാബുകളാണ്. മൂന്നു വർഷം കൊണ്ടാണ് 3460 ചതുരശ്ര അടി വീടു പണിതത്.

  ഒറ്റനോട്ടത്തിൽ തന്നെ ഈ”തറവാടുവീട് ” ആരെയും ആകർഷിക്കും. പ്രകൃതി വിഭവമായ ചെങ്കല്ലിന്റെ ശില്പഭംഗിയുടെ പെരുമ നാടാകെ പരത്തുകയും ചെയ്യും. “കാസർകോട് ജില്ലയിൽ ചെങ്കല്ല് ഇഷ്ടം പോലെ കിട്ടാനുണ്ട്. വീട് പണിയുന്ന മാവുങ്കാലിനടുത്തു തന്നെ ചെങ്കല്ല് ലഭ്യമാണ്. പഴയ വീടുകൾ പൊളിച്ച മരത്തടികളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഓടും പഴയതു തന്നെ.

ചെലവുചുരുക്കാനുള്ള എല്ലാ വാസ്തുവിദ്യകളും വീട്ടിൽ പ്രയോഗിച്ചിട്ടുണ്ട് ” – ആർക്കിടെക്റ്റ് ശ്യാംകുമാർ പറഞ്ഞു.   കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് “ഫോംസ് അന്റ് സ്പെയിസസ് ”എന്ന സ്ഥാപനം നടത്തുന്ന ശ്യാംകുമാർ തിരുവനന്തപുരത്തെ ചെലവു കുറഞ്ഞ വീടുകളുടെ നിർമ്മാണ സ്ഥാപനമായ “കോസ്റ്റ് ഫോഡി “ൽ ജോലി ചെയ്ത ശേഷമാണ് ഈ സ്ഥാപനം തുടങ്ങിയത്. കാറ്റും വെളിച്ചവും വിരുന്നു വരുന്ന പ്രകൃതി സൗഹൃദ വീടുകളാണ് ഫോംസ് എന്ന സ്ഥാപനത്തെ പ്രശസ്തമാക്കിയത്.
ഫോട്ടോ: പ്രഹ്ലാദ് ഗോപകുമാർ

Leave a Reply

Your email address will not be published. Required fields are marked *