ചെലവ് കുറച്ച് സ്റ്റോറേജ് സൗകര്യമൊരുക്കാം

വീട്ടിനകത്ത് പല സ്ഥലത്തായി സാധനങ്ങൾ. എണ്ണിനോക്കിയാൽ നൂറുകൂട്ടം വരും. ഇതിൽ ഉപയോഗമുള്ളത് വളരെക്കുറച്ചു മാത്രം. ബാക്കിയെല്ലാം സ്ഥലം അപഹരിക്കുന്നവ. കണ്ടതെന്തും വാങ്ങിക്കൂട്ടുന്ന സ്വഭാവമാണെങ്കിൽ വീട്ടിൽ സാധനങ്ങൾ നിറയും. പുതിയവ വാങ്ങുന്നതിനനുസരിച്ച് പഴയത് വേണ്ടെന്ന് വെക്കുകയും വേണം.

എം.ഡി.എഫ് അലമാര

ചിലപ്പോൾ പല സാധനങ്ങളും ഒരു കൗതുകത്തിന് വാങ്ങുന്നതാവും. ഉദാഹരണത്തിന് ഭംഗിയുള്ള ഒരു ക്ലോക്ക്. അവസാനം അതു നടക്കാതായാൽ വീടിനു ഭാരമായി. നന്നാക്കാൻ പറ്റില്ലെങ്കിൽ പിന്നെ സൂക്ഷിച്ചു വെച്ചിട്ട് കാര്യമില്ല. സൂക്ഷിച്ചു വെക്കാൻ തുടങ്ങിയാൽ വീട്ടിനകത്ത് സാധനങ്ങൾ കുന്നു കുടും. ദിനപ്പത്രങ്ങൾ ഒരു ഭാഗത്ത്, മാസികകൾ മറ്റൊരിടത്ത്. കുട്ടികളുടെ പുസ്തകങ്ങൾ മറ്റൊരിടത്ത്. എല്ലാം അലങ്കോലമായി കിടക്കുന്നു. പുസ്തകങ്ങൾ ഏറെയുണ്ടെങ്കിലും അത്യാവശ്യത്തിന് ഒന്നു തപ്പിയാൽ പെട്ടെന്ന് കിട്ടില്ല. മാത്രമല്ല വാരിവലിച്ചിട്ട പുസ്തകങ്ങളും പത്രങ്ങളും വീട്ടിനകം തന്നെ വൃത്തിയില്ലാതാക്കും.

അതിഥികൾ വന്നാൽ അവർക്കും തോന്നും ഇതെന്തൊരു വീടാണെന്ന്. ഏതു മുറിയും ഒരുക്കി ഭംഗിയായി വെക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ അടുക്കും ചിട്ടയും പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ താൽപ്പര്യമുണ്ടെങ്കിൽ വീട് പണിയുന്നതിനു മുമ്പ് ഇതേക്കുറിച്ച് ചിന്തി ക്കേണ്ടിയിരിക്കുന്നു. കുട്ടികൾ ചെറിയ ക്ലാസിൽ പഠിച്ച പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും കൗതുകമായി സൂക്ഷിച്ചു വെക്കുന്ന രക്ഷിതാക്കളുണ്ട്.

മകനോ മകളോ ജോലിയൊക്കെ കിട്ടി കല്ല്യാണം കഴിഞ്ഞ് ജീവിക്കുമ്പോൾ അച്ഛനും അമ്മയും സൂക്ഷിച്ചു വെച്ച തന്റെ സ്ക്കൂൾ പുസ്തകങ്ങൾ അവർക്കും കൗതുകമായിരിക്കും.  വായനാമുറിയിലോ ഹാളിലോ പുസ്തകങ്ങൾ ഒരുക്കിവെക്കാവുന്നതാണ്. കൂടുതൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ റീഡിംഗ് റൂം തന്നെ പണിയാം. മുറി പണിയുമ്പോൾ ഒരു ഭാഗത്ത് ഫെറോ സിമന്റ് ഉപയോഗിച്ച് ബുക്ക് ഷെൽഫ് ഉണ്ടാക്കാം. ഇതിന് വളരെ ചെറിയ ചെലവേ വരൂ. വേണ്ടാത്തത് അതാത് ദിവസം തന്നെ ഒഴിവാക്കിയില്ലെങ്കിൽ വീട്ടിൽ സാധനങ്ങൾ കുന്നുകൂടും. വീട്ടിലെ സാധനങ്ങൾ എണ്ണിനോക്കൂ.

ഫെറോസിമന്റ് ബുക്ക് ഷെൽഫ്

പലതും ഉപയോഗമില്ലാത്തതും പൊട്ടിപ്പൊളിഞ്ഞ് തുരുമ്പെടുത്തതു മായിരിക്കും. പക്ഷെ, വിറ്റ് ഒഴിവാക്കാനും മടി. എല്ലാം വളരെ ഇഷ്ടപ്പെട്ട് വാങ്ങിയവ. പിന്നെ എന്തു ചെയ്യും. ഒരിക്കലും ഉപയോഗപ്പെടാത്ത പഴയ സാ ധനങ്ങൾ കളയുക തന്നെ വേണം. ഇനി അഥവാ പുരാവസ്തുവായി സൂക്ഷിക്കാനായി സ്ഥലമുണ്ടെങ്കിൽ അവിടെ വെക്കാം. പഴയവ സൂക്ഷിച്ചു വെക്കാനായി വിശാലമായ ഒരു സ്ഥലമോ മുറിയോ ഉണ്ടെങ്കിൽ അവിടെ തട്ടുകളും അലമാരകളും സ്ഥാപിച്ച് ഇവ സൂക്ഷിച്ചിരിക്കാം.

ലാമിനേറ്റ് ചെയ്ത പാർട്ടിക്കിൾ ബോഡ്

നഗരത്തിൽ ചുറ്റിക്കറങ്ങി, ഒരു എക്സിബിഷനൊക്കെ കണ്ടു കഴിയുമ്പോൾ പലതും വാങ്ങണമെന്നു തോന്നും. പക്ഷെ, വാങ്ങുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണം. ഇത് വീട്ടിൽ ആവശ്യമുണ്ടോ? ഇങ്ങിനെ വരുമ്പോൾ വലിയ അത്യാവശ്യമില്ലാത്ത സാധനമാണെങ്കിൽ  നിങ്ങൾക്ക് വേണ്ടെന്ന് വെക്കാൻ കഴിയും. നഗരത്തിൽ താമസിക്കുമ്പോൾ ചിലപ്പോൾ വാടക വീടായാലും ഫ്ളാറ്റായാലും സ്ഥലം കുറവായിരിക്കും. ഇതെപ്പോഴും മനസ്സിലുണ്ടാകണം. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെ വാങ്ങാവൂ. പുതുതായി താമസം തുടങ്ങുകയാണെങ്കിൽ ഓരോ മുറിയിലും അത്യാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം. ഇതിനപ്പുറം ഒന്നും വാങ്ങാൻ പോകരുത്.

വാഷ്‌ബേസിനു താഴെ ഫെറോസിമന്റ് സ്റ്റോറേജ്

മുറിക്കകത്ത് സാധനങ്ങൾ കുറയ്ക്കുന്നത് സ്ഥലം വർദ്ധിപ്പിക്കും. മുറിക്കിണങ്ങാത്ത സെറ്റിയോ കസേരയോ കട്ടിലോ ആലോചിക്കാതെ വാങ്ങിയാൽ അത് പിന്നീട് തലവേദനയാകും. ഒരു ടി.വി. സ്റ്റാന്റ് പോലും വാങ്ങുമ്പോൾ മുറിയുടെ അളവ് മനസ്സിൽ വേണം. കുട്ടികളുടെ പഠിച്ച നോട്ടുബുക്കുകളും ടെക്സ്റ്റ് ബുക്കുകളും വർഷാവസാനം വീട്ടിൽ നിന്ന് ഒഴിവാക്കണം. വേണ്ടുന്ന ടെക്സ്റ്റ് ബുക്കോ നോട്ട് ബുക്കോ ആണെങ്കിൽ അതെടുത്ത് അലമാരയിലോ ഷെൽഫിലോ സൂക്ഷിച്ചു വെക്കാം . പത്രങ്ങളും മാസികകളും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിറ്റ് ഒഴിവാക്കുന്നതാകും നല്ലത്.

മാസികയിലെ അത്യാവശ്യ ലേഖന ങ്ങളും മറ്റും. ( ഉദാഹരണത്തിന് പാചകകുറിപ്പ്, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരം എന്നിവ ) പേജ് കീറിയെടുത്ത് കുറേയാകുമ്പോൾ ബൈന്റ് ചെയ്ത് വെക്കാം. അല്ലെങ്കിൽ മൊബൈലിൽ പേജുകളുടെ ചിത്രങ്ങളെടുത്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കാം. തുണിയാണ് കുന്നുകൂടുന്ന മറ്റൊരു വസ്തു. കുട്ടികളുടെ പഴയ ഉടുപ്പുകളും മറ്റും വീട്ടിൽ കൂട്ടിവെക്കാതെ അനാഥ കേന്ദ്രങ്ങളിലേക്കോ പാവപ്പെട്ടവർക്കോ കൊടുക്കാം. ഇതിൽ കൗതുകമുള്ളവ എടുത്തു വെക്കുകയും ചെയ്യാം. വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ, ടെക് സ്റ്റയിൽ കവറുകൾ, ബോക്സുകൾ എന്നിവ അന്നന്നു തന്നെ ഒഴിവാക്കണം.  ഹാഡ് ബോഡ് ബോക്സുകൾ  എന്നെങ്കിലും ആവശ്യം വരുമെന്ന് പറഞ്ഞ് കൂട്ടി വെച്ചാൽ അവസാനം പൊടിയും മാറാലയും പിടിച്ച് സ്ഥലം കുഴക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുക. ഉപയോഗമില്ലാത്ത ചെരുപ്പുകൾ , കുട,  ടി.വിബോക്സ്, ഫ്രിഡ്ജിന്റെ കവർ, കമ്പ്യൂട്ടർ ബോക്സ് എന്നിവ സൂക്ഷിച്ച്  സ്ഥലം കളയേണ്ട ആവശ്യമില്ല. ട്രാൻസ്ഫർ വന്ന് വീട് മാറുന്ന സമയത്തെക്കുറിച്ച് ചിന്തിച്ചാണ് ഇവ സൂക്ഷിച്ചു വെക്കുന്നതെങ്കിൽ ഇത്തരം ബോക്സുകൾ പഴയത് ആ സമയത്ത് വാങ്ങാൻ കിട്ടും എന്നകാര്യം ഓർക്കുക. വീട്ടിനകത്തെ സ്ഥലം പാഴാക്കാതെ സ്റ്റോറേജ് സൗകര്യമൊരുക്കാൻ കഴിയും. പുതിയ വീടു പണിയുമ്പോൾ മുറിക്കകത്തെ കക്കൂസിന്റെ സീലിങ്ങ്‌ താഴ്ത്തി കോൺകീറ്റ് ചെയ്ത് മുകളിൽ വലിയൊരു സ്റ്റോറേജ് കാബിൻ പണിയാം.

വാഷ്‌ബേസിനു താഴെ ഫെറോസിമന്റ് ബോക്സ് ഉണ്ടാക്കി. കഴുകുന്ന ബ്രഷും ക്ലിനിങ്ങ് സൊലൂഷനും മറ്റും ഇവിടെ പ്രത്യേകം സൂക്ഷിക്കാനാവും. അടുക്കളയിൽ തട്ടിനു താഴെ ക്യാബിൻ വേണ്ടത്ര ഉണ്ടാക്കി പാത്രങ്ങളും ഭരണികളും മറ്റും ഇതിനകത്തു തന്നെ വെക്കണം. മുകളിലും ക്യാബിൻ പണിയാം. അടുക്കളയിൽ ഫ്രിഡ്ജിന്റെ രൂപത്തിൽ ക്ലാബിൻ പണിതാൽ അതൊരു കൗതുകമായിരിക്കും. ഫെറോസിമന്റ്, സിമന്റ് ബോഡ്, മറൈൻ പ്ലൈവുഡ്, എം.ഡി.എഫ് , പാർട്ടിക്കിൾ ബോഡ് എന്നിവ ഉപയോഗിച്ച് കിടപ്പുമുറികളിലും മറ്റും വലിയ അലമാര പണിതാൽ വസ്ത്രങ്ങളും മറ്റും മുറിയിൽ തൂക്കിയിടാതെ അവിടം ഭംഗിയായി സൂക്ഷിക്കാം.

ഫെറോസിമന്റ് അലമാര പണിത് ഇതിന്  പ്ലൈവുഡ്, പാർട്ടിക്കിൾ ബോഡ് എന്നിവ കൊണ്ട് വാതിൽ പണിതാൽ ചെലവു കുറക്കാൻ പറ്റും. ഇഷ്ടപ്പെട്ട നിറത്തിലുള്ള എം.ഡി.എഫ്, പാർട്ടിക്കിൾ ബോഡ്എന്നിവ വേണ്ട കനത്തിൽ വാങ്ങാൻ കിട്ടും. ഇത് പെയിന്റ് ചെയ്തും ഉപയോഗിക്കാം. നനവ് തട്ടുന്ന സ്ഥലങ്ങളിൽ മറൈൻ പ്ലൈവുഡ് തന്നെ ഉപയോഗിക്കണം. സ്റ്റോറേജ് സൗകര്യമുള്ള ഫർണിച്ചറുകളും വിപണിയിലുണ്ട്. സ്റ്റോറേജുള്ള സെറ്റി, കട്ടിൽ എന്നിവയും വാങ്ങാൻ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *