ഗുരുവായൂർ പുന്നത്തൂർ കോവിലകം നവീകരിക്കുന്നു

ഗുരുവായൂര്‍ പുന്നത്തൂർ ആനക്കോട്ടയിലെ കോവിലകം നവീകരിക്കുന്നു. കോവിലകം നവീകരണ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കും. നാലുകെട്ടും നടുമുറ്റവും കൊത്തുപണികളുമെല്ലാം കോവിലകത്തിൻ്റെ സവിശേഷതയാണ്. നാല് നൂറ്റാണ്ട് പഴക്കമുള്ള
കോവിലകത്തിന്റെ തനിമ നിലനിർത്തി  പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ദേവസ്വം നടപ്പാക്കുകയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.

18 ഏക്കറോളം വരുന്ന നിലവിലെ ആനക്കോട്ടയുടെ മധ്യത്തിലാണ് പുന്നത്തൂർ കോവിലകം സ്ഥിതി ചെയ്യുന്നത്. കോവിലകത്തിന്റെ ചുമരുകളും തൂണുകളും ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതെല്ലാം പഴമ ചോരാതെ പുനർനിർമ്മിക്കുന്ന ഡി.പി.ആർ ആണ് ദേവസ്വം തയ്യാറാക്കിയിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് തകർന്നുവീണ പുന്നത്തൂർ കോട്ടയിലെ വിശാലമായ നാടകശാലയും ഇതോടൊപ്പം പുതുക്കിപ്പണിയും. ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കണമെന്ന ആലോചനയും ദേവസ്വത്തിനുണ്ട്. 

ഗുരുവായൂരിലെ പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രം കൂടിയാണ് പുന്നത്തൂർ കോട്ട. ഇപ്പോൾ 43 ആനകളാണ് ഇവിടെയുള്ളത്. ആനക്കോട്ടയുടെ 1.07 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അടുത്തമാസം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ആനക്കോട്ടയിലെ റോഡ് നവീകരണവും സന്ദർശകർക്കുള്ള ഫുട്പാത്ത് നിർമ്മാണവുമാണ് ആരംഭിക്കുക. ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടറും വിശാലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *