ഇന്റര്‍ലോക്ക്‌ കട്ടകള്‍കൊണ്ട് മുറ്റം ഭംഗിയാക്കാം

ആകര്‍ഷ് കൃഷ്ണന്‍

മുറ്റം സിമന്റിടുന്ന കാലം കഴിഞ്ഞു. സിമന്റ് മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കും. പായല്‍ പിടിച്ച് കാല്‍വഴുതി തലയടിച്ച് വീഴും. പക്ഷെ ഇന്ന് കഥമാറി. പല രൂപത്തിലും വലുപ്പത്തിലും വര്‍ണ്ണത്തിലുമുള്ള ഇന്റര്‍ലോക്ക്‌ കട്ടകള്‍ മുറ്റം കൈയ്യടക്കാന്‍ തുടങ്ങി.


മഴവെള്ളം കെട്ടി നില്‍ക്കില്ല. ഭൂമിയിലേക്ക് താഴ്ന്ന് പോകും. പായല്‍ പിടിക്കുന്ന പ്രശ്‌നവുമില്ല. ചതുരം മുതല്‍ പൂക്കളുടെ രൂപത്തിലുള്ള കട്ടകള്‍ വരെ വിപണിയിലെത്തിക്കഴിഞ്ഞു. ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് മുറ്റം കമനീയമാക്കാം.
മണല്‍ പ്രദേശമാണെങ്കില്‍ മുറ്റത്ത് മണല്‍ തട്ടിനിരപ്പാക്കി കട്ടകള്‍ നിരത്താം. ചെമ്മണ്ണാണെങ്കില്‍ അഞ്ച് ഇഞ്ച് കനത്തില്‍ മണ്ണ് മാറ്റി രണ്ട് ഇഞ്ച് കനത്തില്‍ പാപ്പൊടി വിരിച്ച് തട്ടിനിരപ്പാക്കി ഇതിനു മുകളിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തുക. കട്ടകളുടെ കനം മൂന്ന് ഇഞ്ച് വരും. പരസ്പരം കെണിച്ച് വെച്ചാണ് (ഇന്റര്‍ലോക്ക്‌) ഇത് മുറ്റത്ത് പാകുന്നത്. വേണ്ടത്ര വീതിയിലും നീളത്തിലും കളമൊരുങ്ങിയാല്‍ ചുറ്റും സിമന്റിട്ട് ഉറപ്പിക്കും. കട്ടകള്‍ നീങ്ങിപ്പോകാതിരിക്കാനാണിത്.

കട്ടകള്‍ക്കിടയിലെ വിടവ് സിമന്റ് ചെയ്യാത്തതിനാല്‍ മഴ പെയ്ത ഉടന്‍ തന്നെ വെള്ളം താഴ്ന്നു പോകും. മഴവെള്ളം നമ്മുടെ മുറ്റത്ത് തന്നെ താഴുന്നതു കൊണ്ട് ഭൂജല വിതാനം ഉയര്‍ത്താനും ഇത് സഹായിക്കും. ക്രമേണ വീട്ടിലെ കിണറില്‍ ജലവിതാനം ഉയരും.

സിമന്റിട്ട മുറ്റമാണെങ്കില്‍ പുരപ്പുറത്തെ വെള്ളവും മുറ്റത്ത് വീഴുന്ന വെള്ളവും എല്ലാം കുത്തിയൊലിച്ച് അടുത്ത പറമ്പിലേക്കായിരിക്കും പോവുക.
മുറ്റത്ത് ഈ കട്ടകള്‍ കൊണ്ട് ഏത് തരത്തിലുള്ള ഡിസൈനും നമുക്ക് ഉണ്ടാക്കാം. കുറച്ച് കലാബോധമുണ്ടെങ്കില്‍ നമ്മുടെ മനസിലുള്ള ഐഡിയ പണിക്കാരോട് പറഞ്ഞാല്‍ അതുപോലെ അവര്‍ ഡിസൈന്‍ ചെയ്തു തരും. കട്ടകള്‍ നിരത്തുന്നതിനു മുമ്പ് ഡിസൈന്‍ കടലാസില്‍ വരച്ചു കൊടുക്കാം. വേണമെങ്കില്‍ ഒരു ചിത്രകാരന്റെ സഹായം തന്നെ തേടാം. വീടുമുറ്റം മനോഹരമാകും.


കട്ടകള്‍ പല രൂപത്തില്‍ ലഭ്യമാണ്. കടകളില്‍ പോയി ഇഷ്ടമുള്ളവ നമുക്ക് തിരഞ്ഞെടുക്കാം. ഒന്നിലേറെ ഡിസൈന്‍ തിരഞ്ഞെടുത്ത് ഓരോ ഭാഗത്തും വേണമെങ്കില്‍ ഓരോ ഡിസൈന്‍ നല്‍കാം.
വൈറ്റ് സിമന്റും ചൈനീസ് കാവിയും കലര്‍ത്തിയാണ് കട്ടകള്‍ക്ക് നിറം നല്‍കുന്നത്. മഞ്ഞ, പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ പല തരത്തിലുള്ള കട്ടകളുണ്ട്.

ചൈനീസ് കാവിയുടെ പ്രതലമായതിനാല്‍ എളുപ്പം പായല്‍ പിടിക്കില്ല.കട്ടകള്‍ പൊട്ടിപ്പോകുമോ എന്ന സംശയം തോന്നാം. എന്നാല്‍ നന്നായി ഉണ്ടാക്കിയെടുത്ത കട്ട വിരിച്ചാല്‍ പ്രതലം 60 ടണ്‍ വരെ ഭാരം താങ്ങും. 60 ടണ്‍ വരുന്ന ഒരു വാഹനം മുറ്റത്തു കൂടി ഓടിച്ചാലും പ്രശ്‌നമില്ല.


പെട്രോള്‍ പമ്പ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആസ്പത്രികള്‍ എന്നിവിടങ്ങളിലെല്ലാം മുറ്റമൊരുക്കാന്‍ ഇന്റര്‍ലോക് കട്ടകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. നിരന്തരം വാഹനം കയറി ഇറങ്ങുന്ന സ്ഥലങ്ങളാണിവ. കട്ടകള്‍ പൊട്ടില്ല എന്നതിന് ഉദാഹരണം ഈ സ്ഥലങ്ങള്‍ തന്നെ.

നന്നായി തയ്യാറാക്കിയ കട്ടകള്‍ കണ്ടെത്തി വാങ്ങണമെന്നു മാത്രം. ഇനി ഒരു ഭാഗത്തെ കട്ടകള്‍ പൊട്ടിയാല്‍ തന്നെ ആ ഭാഗത്തെ കട്ടകള്‍ എളുപ്പം മാറ്റിവെക്കാനും കഴിയും. സ്‌ക്വയര്‍ ഫീറ്റിന് 58 രൂപ മുതല്‍ 75 രൂപ വരെയാണ് കട്ടകളുടെ വില. ഭംഗിക്കും രൂപത്തിനും അനുസരിച്ച് വില കൂടും.

ഡിസൈനര്‍ ടൈലുകള്‍
നടപ്പാതകള്‍ക്കും മറ്റും ഡിസൈനര്‍ ടൈലുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പ്രതലം പല രൂപത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഇവയ്ക്ക് മുകളിലൂടെ മഴയത്ത് നടന്നാല്‍ തെന്നി വീഴില്ല. അതിനാല്‍ കുളിമുറിയില്‍പ്പോലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് കനം കുറുവാണ്. മുറ്റം കോണ്‍ക്രീറ്റ് ചെയ്ത് സാധാരണ ടൈല്‍ ഇടുന്നപോലെ ഇവ നിരത്തുകയാണ് ചെയ്യുന്നത്. വാഹനം കയറാത്ത വഴിയിലാണ് ഇടുന്നതെങ്കിലും ബേബി ജില്ലി ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പാകിയാല്‍ മതി. ഡിസൈനര്‍ ടൈലുകള്‍ പല രൂപത്തിലുണ്ട്. അതിനാല്‍ ഇവ ഉപയോഗിച്ച് ചിത്രപ്പണി ചെയ്തും നടവഴിയും കാര്‍പോര്‍ച്ചും മറ്റും രൂപ കല്പന ചെയ്യാം.


മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കി ബാക്കിവരുന്ന സ്ഥലത്ത് ഇന്റര്‍ലോക് കട്ടകളും ഡിസൈന്‍ ടൈലുകളും ഇടാം. മുറ്റത്ത് വലിയ സ്ഥലം ആവശ്യമില്ല എന്നു തോന്നുകയാണെങ്കില്‍ കുറേ സ്ഥലം പൂന്തോട്ടമാക്കി മാറ്റാം. വാഹനം വരാനും കുട്ടികള്‍ക്ക് കളിക്കാനും എപ്പോഴെങ്കിലും എന്തെങ്കിലും പാര്‍ട്ടി ഉണ്ടായാല്‍ കുറച്ച് പേര്‍ക്ക് ഇരിക്കാനുമുള്ള സ്ഥലം ഒഴിച്ചു വെച്ച ശേഷം വേണം പൂന്തോട്ടം രൂപ കല്പന ചെയ്യാന്‍.
വിവരങ്ങള്‍ക്ക് കടപ്പാട്:
പറമ്പാടന്‍ ഇന്റര്‍ലോക്കിംഗ് ബ്ലോക്ക് ആന്റ് ഹോളോബ്രിക്‌സ്, പുളിക്കല്‍, മലപ്പുറം.

One thought on “ഇന്റര്‍ലോക്ക്‌ കട്ടകള്‍കൊണ്ട് മുറ്റം ഭംഗിയാക്കാം

Leave a Reply

Your email address will not be published. Required fields are marked *