ഇടുക്കിയിൽ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കമായി

കുറഞ്ഞ അളവിൽ  വെള്ളം ഉപയോഗിച്ച് ഉയർന്ന കാര്‍ഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കാമാക്ഷി പാറക്കടവ്-നെല്ലിപ്പാറ പ്രദേശത്ത് ആരംഭിക്കുന്ന ജില്ലയിലെ ആദ്യ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍  നിര്‍വഹിച്ചു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്  അധ്യക്ഷത വഹിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമമായി പ്രതിരോധിക്കാനും കുറച്ച് വെള്ളമുപയോഗിച്ച് കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും പര്യാപ്തമായ പദ്ധതിയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. മൈക്രോ ഇറിഗേഷന്‍ വഴി വിളകള്‍ക്ക് ആവശ്യമായ വെള്ളം ആവശ്യസമയത്ത് അവയുടെ വേരുപടലങ്ങളില്‍ കൈമാറ്റ നഷ്ടം കൂടാതെ എത്തിക്കാനാവും.

കൂടാതെ വളപ്രയോഗം ജലത്തിലൂടെ നല്‍കാന്‍ സാധിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള വളപ്രയോഗം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുകയും വന്‍വിജയം കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കേരളത്തില്‍ എല്ലായിടങ്ങളിലും നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

3.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തുകയും ഇ ടെന്‍ഡര്‍ നടപടികളിലൂടെ കരാര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. പ്രദേശത്തെ 47 ഏക്കര്‍ ഏലം കൃഷിക്കാണ് സുസ്ഥിര ജലസേചനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി 10 മീറ്റര്‍ വ്യാസവും 10 മീറ്റര്‍ ആഴവുമുള്ള കിണര്‍, ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണവും 270 ചതുരശ്ര അടി വലിപ്പത്തിലുള്ള രണ്ടു പമ്പ് ഹൗസുകളുടെ നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വേനല്‍ക്കാലത്തും കിണറിലേക്കുള്ള ജലലഭ്യത ഉറപ്പാക്കുന്നതിന് തോടിൽ തടയണ നിര്‍മിക്കും.

കിണറില്‍ നിന്നും ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് ആവശ്യാനുസരണം കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കും. ഓരോ കൃഷിയിടത്തിലും ജലസേചനസൗകര്യം എത്തിക്കുന്നതിന് പി.വി.സി പൈപ്പുകള്‍, ജലസേചന കുഴലുകള്‍, നിയന്ത്രണ വാല്‍വുകള്‍, വളപ്രയോഗത്തിനുള്ള വെന്‍ച്യൂറി വാല്‍വുകള്‍, വെള്ളത്തിന്റെ അളവ്, മര്‍ദ്ദം എന്നിവ അളക്കുന്ന മീറ്ററുകള്‍ എന്നിവ ഓരോ കൃഷിയിടത്തിലും സ്ഥാപിക്കും.

കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്  അധ്യക്ഷത വഹിച്ചു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഇ.  ഒ എസ്. ഹരികൃഷ്ണന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *