മൂക്കുകൊണ്ട് ആറടി വലുപ്പത്തിൽ സൂര്യയെ വരച്ചു ഇന്ദ്രജിത്ത്

മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കും എന്നൊക്ക പറയാറുണ്ട്. എന്നാൽ ഇതാ മൂക്കു കൊണ്ട് ഒരു സിനിമാ താരത്തെ വരച്ചിരിക്കുകയാണ്
ഇന്ദ്രജിത്ത് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി. കൈ‍ വിരലുകള്‍ കൊണ്ട് ടോവിനോയെയും കാല്‍ വിരലുകള്‍ കൊണ്ട് വിജയ് യുടെ ചിത്രവും വരച്ച ഇന്ദ്രജിത്ത് മൂക്ക് കൊണ്ടുള്ള പുതിയ ചിത്രരചനാ രീതി പരീക്ഷിച്ചിരിക്കുകയാണ്.

പക്ഷെ കൈവിരലും കാല്‍വിരലും കൊണ്ട് വരക്കുന്ന പോലെ അത്ര എളുപ്പമല്ല മൂക്ക് കൊണ്ട് വരക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ തൊലി ഉരഞ്ഞു പോകും. അതുകൊണ്ട് വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ചിത്രം വരക്കുന്നത് മൂക്കിനു ക്ഷതമുണ്ടാക്കും.

ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷിൻ്റെ മകനാണ് മൂക്കു കൊണ്ട് വിസ്മയം തീർത്തിരിക്കുന്നത്.
ചിത്രം വരയ്ക്കുന്ന ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിനു മുകളില്‍ തുണിയിലാണ് രണ്ടു ദിവസംകൊണ്ട് ഈ ചിത്രം വരച്ചത്.

തമിഴ് നടന്‍ സൂര്യയുടെ ജന്മദിനമായ ജൂലായ്‌ 23 ന് കൊടുങ്ങല്ലൂര്‍ സൂര്യ ഫാന്‍സിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഇന്ദ്രജിത്ത് ഈ ചിത്രം വ്യത്യസ്തമായി 

ചെയ്യാന്‍ തീരുമാനിച്ചത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ മകനും വ്യത്യസ്തമായ മേഖലകള്‍ തേടുകയാണ്. ചിത്രം വരയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള വീഡിയോയും എടുത്തിട്ടുണ്ട്. അക്രിലിക് കളറാണ് ആറടി ഉയരവുംനാലര അടി വീതിയും വലുപ്പമുള്ള ഈ ചിത്രം വരക്കാന്‍ ഉപയോഗിച്ചത്.

തമിഴ് സിനിമാ താരം വിജയ് യുടെ ജന്മദിനമായ ജൂൺ 22ന് ഇന്ദ്രജിത്ത് കാലുകൊണ്ട് വിജയ് യുടെ ചിത്രം വരച്ചിരുന്നു. മലർന്നു കിടന്ന് കിടപ്പുമുറിയിലെ ചുവരിലാണ് കാൽവിരൽ കൊണ്ട് അക്രിലിക് കളറിൽ ഈ ചിത്രം വരച്ചത്.