വേമ്പനാട്ട് കായലിൽ നിന്ന് അസ്തമയ സൂര്യനെ കാണാൻ സൺസെറ്റ് ബോട്ട് സർവീസ്
അന്തി മയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അസ്തമയ സൂര്യൻ്റെ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ് ആലപ്പുഴയിൽ നിന്ന് തുടങ്ങി.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച ഈവനിംഗ് സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി.സുധാകരൻ എം.എ.ൽഎ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
‘സീ കുട്ടനാട്’ എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തും. 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾ നിലയിലാണ്. ഒരാൾക്ക് 200 രൂപയാണ് യാത്രാ നിരക്ക്.
മുല്ലയ്ക്കൽ വാർഡ് കൗൺസിലർ സതീദേവി, ജല ഗതാഗത വകുപ്പ് ഡയറക്ടർ ജെ.ഒ അരുൺ, പ്രൊജക്റ്റ് ഓഫീസർ എം.വി അരുൺ എന്നിവർ സംസാരിച്ചു. സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ബുക്കിങ്ങിന് 9400050326 നമ്പറിൽ ബന്ധപ്പെടണം.




















