സപ്ലൈകോയുടെ ആലിൻ നോട്ടുബുക്കുകൾ വിപണിയിൽ
സപ്ലൈകോ ആലിൻ ബ്രാൻഡിൽ നോട്ടുബുക്കുകൾ പുറത്തിറക്കി. ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.
അവയവ ദാനത്തെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് മാറ്റാൻ ആലിനിന്റെ ജീവിതകഥ സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനവുമാണ് സപ്ലൈകോ ആലിൻ ബ്രാൻഡിൽ നോട്ട്ബുക്ക് ഇറക്കിയതിലൂടെ നടത്തുന്നത്. മാതൃകാപരവും ചരിത്രത്തിന്റെ ഭാഗവുമായ തീരുമാനമാണ് ആലിനിന്റെ മാതാപിതാക്കൾ എടുത്തതെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ വി. കെ. മിനിമോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
14.50 മുതൽ 37രൂപ വരെയാണ് ആലിൻ നോട്ടുബുക്കുകളുടെ വില. ചെറിയ കുട്ടികൾക്കായുള്ള നോട്ടുബുക്ക് അഞ്ചു ബുക്കുകളുടെ ഒരു സീരീസായാണ് പ്രിൻറ് ചെയ്തിരിക്കുന്നത്. നാലു ബുക്കുകളിൽ ആയാണ് ഓരോ സീരീസിലെ കഥകളും പൂർത്തീകരിക്കുന്നത്. അത്തരം ഒരു പുതുമയും സപ്ലൈകോ പുറത്തിറക്കുന്ന ആലിൻ ബ്രാൻഡ് നോട്ടുബുക്കിനുണ്ട്.




















