‘ദൃശ്യം 3’ ജർമ്മനിയിലെ തീയേറ്ററിലും ഹൗസ് ഫുൾ
ജർമ്മനിയിലെ ഡ്യൂസിൽഡോർഫിൽ നിന്ന് സൗരഭ് ചാന്ദ്
ജോര്‍ജ്കുട്ടി കുടുംബത്തെ പോലീസ് കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ എന്തൊക്കെ തന്ത്രങ്ങളായിരിക്കും മെനയുക ? ഇതറിയാന്‍ ജർമ്മനിയിലും മലയാളി സിനിമാപ്രേമികൾ തീയേറ്ററിന് മുന്നില്‍ കാത്തു നിന്നു.
‘ദൃശ്യം3’ സിനിമയുടെ റിലീസ് ഷോ കാണാൻ മോഹൻലാലിൻ്റെ ആരാധകരെ കൊണ്ട് നിറഞ്ഞു ഇവിടത്തെ തീയേറ്റർ. ജർമ്മനി ഡ്യുസിൽഡോർഫിലെ യുഎഫ്എ പലാസ്റ്റ് തീയേറ്ററിന് പുറത്ത് ആളുകൾക്ക് ആകാംഷയായിരുന്നു
ധ്യാനം കൂടാൻ പോയത് പോലുള്ള ലാലേട്ടൻ്റെ കുതന്ത്രങ്ങളാണ് അവരുടെ മനസ്സിൽ. സിനിമ കാണാൻ എത്തിയത് എൺപത് ശതമാനവും മലയാളികൾ തന്നെ. കുറച്ച് തമിഴരും ഉത്തരേന്ത്യക്കാരുമുണ്ട്. ലാലേട്ടൻ്റെ ഡയലോഗുകൾക്ക് അവർ കാതോർത്തു. ഇടയ്ക്ക് നല്ല കൈയടിയുമുണ്ടായി.
യുഎഫ് എ പലാസ്റ്റ് തീയേറ്ററിൽ നൂറോളം സീറ്റ് മാത്രമേയുള്ളു. അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ റിലീസ് ഇവിടെ ഉണ്ടാകാറുണ്ട്. മലയാള സിനിമകളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്. പ്രേക്ഷകരായി എത്തിയവരെല്ലാം 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഇതിൽ 25 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾ ഒട്ടേറെയുണ്ട്. പഠിക്കുന്നതിനിടയിൽ ജോലി നോക്കുന്നവരാണ് അധികവും. പ്രായമുള്ളവരെയും കൂട്ടി കുടുംബമായി എത്തിയവരുമുണ്ട്. മറ്റ് സിനിമകൾക്കിടയിൽ കുറച്ച് ദിവസം മാത്രമാണ് ഇവിടെ ‘ദൃശ്യം3’ പ്രദർശനമുളളത്.




















