കുടുംബശ്രീ വേനൽക്കാല കൃഷി; വിഷു വിപണിക്കായി 75 ടൺ ഉൽപാദനം

വിഷു വിപണിയെ മുൻനിർത്തി കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വേനൽക്കാല പച്ചക്കറി കൃഷിയിൽ വൻ നേട്ടം കൈവരിച്ചു. ജില്ലയിലെ 102 സി.ഡി.എസ് യൂണിറ്റുകളുടെ കൂട്ടായ്മയിൽ നടത്തിയ കൃഷിയിൽ നിന്ന്  ഏകദേശം 75 ടൺ വിളവാണ് ലഭിച്ചത്. ഇതിൽ 31.78 ടൺ വിവിധ പച്ചക്കറികളും 43.80 ടൺ കണിവെള്ളരിയും ഉൾപ്പെടുന്നു.

സി.ഡി.എസുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും വനിതാ കർഷക  സംഘങ്ങളും (ജെ.എൽ. ജി) ചേർന്ന് കൂട്ടായ്മ അടിസ്ഥാനത്തിൽ നടത്തിയ കൃഷിയിലൂടെ  വിവിധ ഇനങ്ങളിലുള്ള വിളകൾ ഉൽപാദിപ്പിച്ചു. കണിവെള്ളരി, കുക്കുംബർ, പയർ, തക്കാളി, വഴുതന, വെണ്ടയ്ക്ക, പടവലങ്ങ, ചീര, പച്ചമുളക്, വാഴ, കോവയ്ക്ക, ചേന എന്നിവയാണ് പ്രധാനമായും ഉൽപാദിപ്പിച്ച വിളകൾ.

പ്രാദേശികമായി ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ വിഷു വിപണിയിൽ ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്.