വേനൽ ചൂടിൽ ആശ്വാസമായി ഗുരുവായൂരിൽ തണ്ണീർ പന്തൽ
വേനൽ ചൂടിൽ ഭക്തർക്ക് ദാഹമകറ്റാൻ ഗുരുവായൂരിൽ സംഭാര വിതരണം തുടങ്ങി. ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ദിവസവും പതിനാല് കാൻ തൈരു കൊണ്ട് തയ്യാറാക്കുന്ന സംഭാരമാണ് ഭക്തർക്ക് നൽകുന്നത്.
ക്ഷേത്രം കിഴക്കെ നടയിലും തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീർ പന്തലുകൾ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, എം.യു. ഷിനിജ എന്നിവർ സന്നിഹിതരായി.
ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവരും ചടങ്ങിൽ സന്നിഹിതരായി.




















