വോട്ടുറപ്പിക്കാൻ വോട്ട് ചെയ്ത വിരലിൻ്റെ മണൽശില്പം 

കാസർകോട്‌ ബീച്ചിൽ കൂറ്റൻ മണൽശില്പം ഒരുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുശതമാനം വോട്ടുറപ്പാക്കാൻ ജില്ലാ ഭരണകൂടവും സ്വീപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശില്പം നിർമ്മിച്ചത്.

ശില്പി ചിത്രൻ കുഞ്ഞിമംഗലം അഞ്ചുമണിക്കൂർ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയ ഇടതുകൈയ്യുടെ മനോഹരമായ ശില്പം തീർത്തത്.
ശില്പം കാണാൻ ബീച്ചിൽ നിരവധി സഞ്ചാരികളാണ് തടിച്ചുകൂടിയത്.

ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ ശില്പം ഉദ്ഘാടനം ചെയ്തു. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ഓരോ വോട്ടിലുമാണ്. യുവജനങ്ങളിൽ വോട്ടിംഗിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് കളക്ടർ പറഞ്ഞു. സ്വീപ് നോഡൽ ഓഫിസർ  രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.