ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം പാൽകുളങ്ങര കെ.അംബികദേവിക്ക്
ഗുരുവായൂർ ദേവസ്വം നൽകുന്ന 2025ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം സംഗീതജ്ഞയും സംഗീത അധ്യാപികയുമായ പ്രൊഫ. പാൽകുളങ്ങര കെ.അംബികദേവിക്ക് സമ്മാനിക്കും. ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത10 ഗ്രാം സ്വർണ്ണപ്പതക്കം, 50001രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നവംബർ 16ന് പുരസ്ക്കാരം സമ്മാനിക്കും.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാചാര്യ അവാർഡ് നേടിയ പ്രൊഫ. പാൽകുളങ്ങര കെ.അംബികാദേവി മൂന്നു പതിറ്റാണ്ടിലേറെ തിരുവനന്തപുരം സ്വാതി തിരുനാൾ ഗവൺമെൻ്റ് സംഗീത കോളേജിൽ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. പ്രൊഫസറായി സർവ്വീസിൽ നിന്ന് വിരമിച്ചു. അനേകം ശിഷ്യ സമ്പത്തിനുടമയാണ്.
1958 ൽ ആകാശവാണി നടത്തിയ ദേശീയ സംഗീത മത്സരത്തിൽ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്ന് പ്രസിഡൻ്റ്സ് അവാർഡ് നേടി.1973 മികച്ച സംഗീതജ്ഞയ്ക്കുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഗായകരത്നം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്‌ക്കാരാർഹയെ തീരുമാനിച്ചത്. സംഗീതജ്ഞൻ ഡോ.രംഗനാഥ ശർമ്മ, ഡോ.സദനം ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെയർമാൻ ഡോ.വി.കെ. വിജയൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.




















