കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രിൽ – ആഗസ്റ്റ് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
എട്ട് വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തി ഏഴാമത്തെ ബാച്ചാണിത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകി സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ യുവജന പങ്കാളിത്തം ഉറപ്പുവരുത്താനാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്.
മാർച്ച് 24 നകം അപേക്ഷിക്കണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9633963211, 0495- 2370200 നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന മെയിലിൽ ബന്ധപ്പെടുകയോ ചെയ്യണം.