കാക്കനാട് എക്‌സിബിഷന്‍  സെൻ്ററിൽ മെഷിനറി എക്‌സ്‌പോ തുടങ്ങി

സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണം – മന്ത്രി പി. രാജീവ്

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോ – 2024 കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍  സെന്ററില്‍ തുടങ്ങി. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണമെന്ന് മന്ത്രി പറഞ്ഞു. അതിനു യോജിച്ച മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്.

സ്വന്തം വേദിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ ദൃശ്യമാണ്.
സംസ്ഥാനത്തെ രണ്ടു സംരംഭക വര്‍ഷങ്ങളും വിജയമായി.

അഞ്ചുവര്‍ഷത്തിനിടെ എം.എസ്.എം.ഇ മേഖലയില്‍ 91000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും സംരംഭക സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതായി.

എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍,  ലോജിസ്റ്റിക്സ്, എന്‍വയണ്‍മെന്റല്‍ -സോഷ്യല്‍ ഗവേണന്‍സ് പോളിസികള്‍ അടുത്തമാസം ആദ്യത്തോടെ മന്ത്രിസഭാ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്താനാകുമെന്നാണ് കരുതുന്നത്- മന്ത്രി രാജീവ് പറഞ്ഞു. ഉമ തോമസ് എം.എല്‍.എ അധ്യക്ഷയായി. എക്‌സ്‌പോ ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പ്രകാശനവും എം.എല്‍.എ നിര്‍വ്വഹിച്ചു.

13 വരെയുള്ള എക്‌സ്‌പോയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ പ്രദര്‍ശനം സൗജന്യമായി കാണാം. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന അതിനൂതന മെഷീനുകളുടെ പ്രദര്‍ശനവും ലൈവ് ഡെമോയും ഉണ്ട്. മെഷീനറി നിര്‍മ്മാതാക്കളുമായി ആശയവിനിമയത്തിനുള്ള അവസരങ്ങളുമുണ്ട്.

ഹെവി മെഷീനറികള്‍ക്കായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആറ് ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ പ്രദര്‍ശനം സെക്റ്റര്‍ അടിസ്ഥാനത്തിലാണ്. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും എക്‌സ്‌പോയിലുണ്ട്.

വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ് ഹരികിഷോര്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ എം.ഒ.വര്‍ഗീസ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, എം.എസ്.എ.ഇ – ഡി.എഫ്.ഒ ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ്, ഇന്‍ഫോ പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി കെ. തോമസ്,
കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, വ്യവസായ, വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.എസ്. കൃപകുമാര്‍, ജി.രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്സ്പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി.എ. നജീബ് എന്നിവര്‍ പങ്കെടുത്തു.