ജെ.സി.ബി തട്ടി മുറിവേറ്റ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ശസ്ത്രക്രിയ
മണ്ണ് മാറ്റുമ്പോൾ ജെ.സി.ബി തട്ടി മുറിവേറ്റ മൂർഖൻ പാമ്പുകൾക്ക് ശസ്ത്രക്രിയ. കൊല്ലം പുത്തൂര്‍ കളത്തിലാണ് മണ്ണുമാറ്റുന്നതിനിടെ യന്ത്രക്കൈ തട്ടി രണ്ട് മൂര്‍ഖന്‍ പാമ്പുകൾക്ക് പരിക്കേറ്റത്. ഇവയെ രക്ഷിക്കാന്‍ ഉടൻ കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിൽ വെച്ച് ഇവയ്ക്ക് ശസ്ത്രക്രിയ നടത്തി.
വനംവകുപ്പിന്റെ സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് പാമ്പുകളെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്. അടിയന്തര ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന നിലയ്ക്കായിരുന്നു ശസ്ത്രക്രിയ. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആന്റിബയോട്ടിക്കും അനുബന്ധ മരുന്നുകളും നല്‍കുന്നുണ്ട്.
മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാക്കുമെന്ന് വൈ. അന്‍വര്‍ പറഞ്ഞു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈന്‍കുമാര്‍, വെറ്ററിനറി സര്ജന്മാരായ ഡോ സജയ് കുമാര്‍, ഡോ.സേതുലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.




















