ഇരുളാട്ടം: ഇരുളടഞ്ഞ ഊരു ജീവിതങ്ങളുടെ നേർക്കാഴ്ച

സി.എസ്.അജിത്കുമാർ

ജി.എസ്. ഉണ്ണിക്കൃഷ്‌ണൻ എഴുതിയ ‘ഒട്ടകങ്ങൾ പറഞ്ഞ കഥ’, ‘കിമേറ’ എന്നീ നോവലുകൾ ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. എന്നാൽ ‘ഇരുളാട്ടം’ മറ്റു സൃഷ്ടികളിൽനിന്നും വേറിട്ട് നിൽക്കുന്നു. 1980 കളിൽ തുടങ്ങി 90 കളിൽ അവസാനിക്കുന്ന കഥാതന്തുക്കൾ മിഴിവോടെ കോർത്തിണക്കിയാണ് ജി.എസ്.ഉണ്ണിക്കൃഷ്ണൻ നോവൽ എഴുതിയിരിക്കുന്നുന്നത്. ഇടവേളകളില്ലാതെ തുടർവായനയ്ക്കു പ്രേരിപ്പിക്കുന്ന പല ഘടകങ്ങളും നോവലിലുണ്ട്. കാലിക പ്രസക്തി, ഭാഷയുടെ വഴക്കം, മനസ്സിലേക്കൊഴുകുന്ന ദൃശ്യഭംഗി…അങ്ങനെ പലതും. ഭവാനിപ്പുഴയും മല്ലീശ്വരനും ചൂളം വിളിച്ചു പാഞ്ഞു നടക്കുന്ന അട്ടപ്പാടിയിലെ കാറ്റുമൊക്കെ ഇരുളാട്ടത്തിലെ കഥാപാത്രങ്ങളാണ്.

ജി. എസ്. ഉണ്ണിക്കൃഷ്‌ണൻ

അപൂർവ്വം ചിലയിടങ്ങളിലെ അതിഭാവുകത്വം ഒഴിച്ചാൽ കഥാകാരന്റെ ഭാഷചാതുരിയും രചനാവൈഭവവും നോവലിൽ ഉടനീളം തെളിഞ്ഞു കാണാം. ലൈംഗികത ഇടയ്ക്കു കടന്നുവരുന്നുണ്ടെങ്കിലും അത് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നില്ല. അമ്മയുടെ സ്വഭാവദൂഷ്യങ്ങളിൽ മനംനൊന്തു വീടുവിട്ടുപോയ അച്ഛനെത്തേടി നടന്ന് ഒടുവിൽ അഘോരികളുടെ മായാലോകത്തെത്തുന്ന ആൽബി, സഹോദരങ്ങളെ പോറ്റാൻ ലൈംഗിക തൊഴിലാളിയാകേണ്ടി വന്ന ചെമ്പൻ, സ്നേഹിച്ചവരാൽ ചതിക്കപ്പെട്ട് മാവോക്യാമ്പിൽ എത്തിപ്പെടുന്ന വേലു തുടങ്ങി നിരവധി കഥാപാത്രങ്ങൾ നോവലിൽ കടന്നുവരുന്നു. ഈ കഥാപാത്രങ്ങളെ കൂട്ടിയിണക്കുകയെന്ന ദുഷ്കരമായ കൃത്യം നോവലിസ്റ്റ് ഭംഗിയായി നിറവേറ്റിയിരിക്കുന്നു.

ആൽബി സന്യാസിയായ തന്റെ അച്ഛനെ കണ്ടുമുട്ടുന്ന ഭാഗം ഹൃദയഭേദകമാണ്. പൂർവ്വാശ്രമത്തിൽ തന്റെ പിതാവായിരുന്ന സ്വാമിജി പരമാത്മാവിൽ ലയിച്ച വാർത്ത അറിഞ്ഞ ആൽബിയുടെ ചുടുകണ്ണീർ വായനക്കാരന്റെ കണ്ണുകളെയും ഈറനണയിക്കും. .ചതിച്ച പെണ്ണിന് മാപ്പു നൽകുന്ന വേലുവും കൗണ്ടർമാരുടെ ദ്രോഹം സഹിക്കാതെ അവരുടെ ചോര ചീന്താനിറങ്ങുന്ന ചെമ്പനും മാംസദാഹികളിൽനിന്നു തന്നെ രക്ഷിച്ച വികൃതനായ മനുഷ്യന് ശരീരം കാഴ്ചവെക്കാൻ മടിക്കാത്ത ചിരുതയും തന്നെ ലൈംഗിക അടിമയാക്കിയ ആൾക്ക് അവസാന നാളുകളിൽ സ്നേഹം നൽകുന്നതിൽ തെറ്റ് കാണാത്ത രങ്കമ്മയും തന്റെ ഭാര്യയെ വെപ്പാട്ടിയാക്കിയ അച്ഛനോട് തീരാത്ത പകയുമായി ജീവിക്കുന്ന പാണ്ടിയുമൊക്കെ വായനക്കാരന്റെ മനസ്സിൽ നോവായി അവശേഷിക്കുക തന്നെ ചെയ്യും. ആൽബി തന്റെ അമ്മയുടെ ചിതാഭസ്മം നിസ്സംഗതയോടെ ഭവാനിയിൽ വിതറുന്ന രംഗം ഇരുത്തം വന്ന ഒരു നോവലിസ്റ്റിന്റെ അടയാളപ്പെടുത്തുന്നു.  ഭാവതീവ്രതയുള്ള ഇത്തരം നിരവധി രംഗങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്.

അതേസമയം ചില ഭാഗങ്ങളിൽ നർമ്മത്തിന്റെ മേമ്പൊടി വിതറാനും നോവലിസ്റ്റ് മറന്നിട്ടില്ല. മദ്യപിച്ച് ഉന്മത്തരായ ആനകൾ കൂര പൊക്കിയപ്പോൾ ഇറങ്ങിയോടിയ നഗ്നനായ മൂപ്പന്റെയും ഭാര്യമാരുടെയും ചിത്രം വായനക്കാരുടെ മനസ്സിൽ ചിരിപടർത്തും.  മദയാന അമ്മയെയും കൈക്കുഞ്ഞിനെയും വലിച്ചെറിഞ്ഞു കൊല്ലുന്ന രംഗം മനസ്സിൽ ഭീതിയും ദുഖവും ഉളവാക്കും. സ്നേഹം, അനുരാഗം, കാമം, ദുഃഖം, വിദ്വേഷം, പക, ഭീതി തുടങ്ങിയ വികാരങ്ങളുടെ ഇരുളാട്ടം തന്നെ ഈ നോവലിൽ ദൃശ്യമാണ്.

നോവലിലെ ഏറ്റവും ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന ഭാഗം ഗംഗാതീരത്തെ ശ്മശാനമൂകതയിൽ ഉന്മാദനൃത്തമാടുന്ന നാഗസന്യാസി രാംദേവിന്റെ പകർന്നാട്ടമാണ് .”എടാ, നീ ആദ്യം സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പഠിക്ക്, എന്നിട്ട് സാധുവാകാൻ ശ്രമിക്ക്. മാംസം, അത് മനുഷ്യന്റേതായാലും പോത്തിന്റേതായാലും വ്യത്യാസമൊന്നുമില്ല “- എന്ന് ആക്രോശിക്കുന്ന കഥാപാത്രം അക്ഷരാർഥത്തിൽ ഇവിടെ ജീവിക്കുക തന്നെയല്ലേ. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ പഠിച്ചതുകൂടിക്കൊണ്ടാവാം പുണ്യഗംഗയുടെ ദ്വന്ദമുഖം നോവലിസ്റ്റിന് ഇത്ര ചാരുതയോടെ അവതരിപ്പിക്കാനായത്.

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനാണ് ‘ഇരുളാട്ടം’ പ്രകാശനം ചെയ്തത്. പ്രതീക്ഷിച്ചതിനപ്പുറത്താണ് ജി. എസ്.ഉണ്ണിക്കൃഷ്ണന്റെ ‘ഇരുളാട്ടം’ നൽകിയ വായനാനുഭവം. ‘ആടുജീവിതം ‘ പകർന്നു നൽകിയത് പ്രവാസജീവിതത്തിന്റെ ദുരിതക്കാഴ്ചകളാണെങ്കിൽ ‘ഇരുളാട്ടം’ അട്ടപ്പാടിയിലെ ഇരുളടഞ്ഞ ഊരുജീവിതങ്ങളുടെ നേർക്കാഴ്ചയാണ്. വായിക്കുന്നവർക്കു യാഥാർത്ഥ ജീവിതം പോലെ അനുഭവേദ്യമാകും വിധം മനോഹരമായി എഴുതപ്പെട്ട ഉൽകൃഷ്‌ടമായ ഈ ഭാവനാസൃഷ്ടി മലയാളത്തിലെ എക്കാലത്തും ഓർമിക്കപ്പെടുന്ന ഒന്നായി അടയാളപ്പെടുത്തപ്പെടും. ഇരുളാട്ടം – പ്രസാധകർ -ഗ്രീൻ ബുക്ക്സ്, വില- 210 രൂപ (കവിയും കഥാ കൃത്തുമാണ് സി.എസ്.അജിത്കുമാർ )

Leave a Reply

Your email address will not be published. Required fields are marked *