കുട്ടികളെ പ്രകൃതിസംരക്ഷണ ഗാനങ്ങൾ പഠിപ്പിച്ച് ഉദിനൂരിലെ അമ്മമാർ
സാരഞ്ജിനി ജയരാജൻ
കുന്നുകളൊന്നുമിടിക്കരുതേ,
വയലുകളൊന്നും നികത്തരുതേ,
വെള്ളമൊരിറ്റ് കളയരുതേ,
മണ്ണ് മലീമസമാക്കരുതേ….
പ്രകൃതി സംരക്ഷണ ഗാനങ്ങൾ കുട്ടികളെ പാടി പഠിപ്പിക്കുകയാണ് ഉദിനൂരിലെ ഒരു സംഘം അമ്മമാർ. കാസർകോട് ജില്ലയിലെ ഉദിനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളെയാണ് അടിസ്ഥാന പരിസ്ഥിതി വിജ്ഞാനം ഗാനരൂപത്തിൽ പഠിപ്പിക്കുന്നത്. ഇതിനായി ഉദിനൂരിലെ ഏഴ് അമ്മമാർ സംഗീത സംവിധായകനിൽ നിന്ന് ഗാനങ്ങൾ പഠിച്ച് സ്കൂളിൽ ചെന്ന് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഏതാണ്ട് ഒന്നര മാസക്കാലം പാട്ട് പാടാൻ സ്വയം പരിശീലിച്ചതിന് ശേഷമാണ് സ്ക്കൂളിലേക്ക് അമ്മമാർ കടന്ന് ചെന്നത്.
പന്ത്രണ്ട് കുട്ടികളാണ് പ്രകൃതിസംരക്ഷണ ഗാനങ്ങളെ ഹൃദയത്തിലേറ്റാൻ ആദ്യം തയ്യാറായത്. അനന്യ.എസ്.നായർ,
ജോയ്സ് ലിസാൻസി, ശ്രദ്ധ, തീർത്ഥ, ആവണി. പി. ചന്ദ്രൻ, മാളവിക എസ്. കുമാർ, ആദിത്യ.കെ, അഭിനയ. എ, രാഗപ്രിയ. കെ.വി, അർജുൻ പി.പി, ദേവദർശൻ.പി എന്നിവരാണ് കുട്ടികൾ. മറ്റ് കുട്ടികളെ പരിസ്ഥിതി ഗാനം പഠിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ഇവർ.
പരിസ്ഥിതി സൗഹൃദ ജീവിതം നയിക്കാൻ കുട്ടികളെ തയ്യാറാക്കിയ പല പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച വിദ്യാലയമാണ് ഉദിനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ. നടന്നെത്താൻ കഴിയാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സൈക്കിൾ നൽകി വർഷങ്ങൾക്ക് മുമ്പ് തന്നെ മാതൃക സൃഷ്ടിച്ച വിദ്യാഭ്യാസ സ്ഥാപനമാണിത്. സ്കൂളിലെ ഔഷധ തോട്ടവും സ്കൂൾ അങ്കണത്തിൽ വളർത്തിയെടുത്ത നാട്ടു മാവിൻ കൂട്ടവും ആരെയും ആകർഷിക്കുന്നതാണ്.
പ്രസിദ്ധഗാന രചയിതാവ് മോഹൻ ഉദിനൂരാണ് പരിസ്ഥിതി സംരക്ഷണ ഗാനങ്ങൾ രചിച്ചത്. മുപ്പത് വർഷത്തിന്നിടെ അറുന്നൂറിലധികം ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ മോഹൻ ഉദിനൂരിൻ്റെ പല ഗാനങ്ങളും
പി. ജയചന്ദ്രൻ, ചിത്ര തുടങ്ങിയ ഗായകർ ആലപിച്ചിട്ടുണ്ട്. ഗംഗൻ കരിവെളളൂരാണ് സംഗീത സംവിധാനം നിർവഹിച്ചത്. നിരവധി ഗാനങ്ങൾ സംവിധാനം ചെയ്ത ഗംഗൻ കരിവെള്ളൂർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടുള്ള തൻ്റെ സമർപ്പണമായാണ് ഈ പ്രവർത്തനത്തെ കണ്ടത്. പാടാൻ മുൻപരിചയമില്ലാത്ത വീട്ടമ്മമാരെ ഗായികമാരാക്കാൻ ഗംഗൻ ഏറെ പ്രയത്നിച്ചു.
മണ്ണ്, വൃക്ഷ, ജലസംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഗാനം തൃക്കരിപ്പൂർ ഫോക് ലാൻ്റിൻ്റെയും എച്ച്. ആർ.പി.എം എന്ന
സംഘടനയുടേയും നേതൃത്വത്തിലാണ് അമ്മമാരെ പരിശീലിപ്പിച്ചത്. ആശ കെ.വി, ശശികല വി.വി, ശ്രീകല.കെ.വി, ടി.കെ ജലജ, സിന്ധു പള്ളിയത്ത്, ശൈലജ കെ.വി എന്നീ അമ്മമാരാണ് കുട്ടികളെ ഹരിത പാഠം അഭ്യസിപ്പിക്കാൻ സ്വയം പാട്ട് പഠിച്ച് പാട്ടുകാരായത്. ഇവർക്ക് സഹായവുമായി ഗായകരായ മുഹമ്മദ് ജലീൽ, ശ്രീകുമാർ.സി, ഭരതൻ. പി. എന്നിവരും പരിശീലന പരിപാടിക്ക് എത്തിയിരുന്നു. ഇൻടാക്ക് കാസർകോട് ചാപ്റ്ററും ഡോർഫ് കെറ്റലും
ചേർന്ന് ഒരുക്കിയ സമാപന യോഗം.പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ പി.വി.ലീന അമ്മമാരിൽ നിന്ന് പാട്ട് പഠിച്ചെടുത്ത ആദ്യ ബാച്ചിലെ 12 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാട്ട് പഠിപ്പിച്ചവർക്കുള്ള ഫോക് ലാൻ്റ് ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു. സത്യൻ മാടക്കാൽ, രമേശൻ കിഴക്കൂൽ, നീനു സുകുമാരൻ, ഉണ്ണികൃഷ്ണൻ. എ.വി, കെ.സരേശൻ, സതീശ് ബങ്കളം, ജ്യോതി മോഹൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.