റബ്ബർ ഉല്പാദനം: റബ്ബർബോർഡ് കാംപെയ്ൻ ഉദ്ഘാടനം ചെയ്തു
റബ്ബർ ഉല്പാദനവും ഉത്പാദനക്ഷമതയും കൂട്ടി പ്രകൃതിദത്തറബ്ബറിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ റബ്ബർബോർഡ് നടത്തുന്ന തീവ്രപ്രചാരണപരിപാടി (കാംപെയ്ൻ 2021) യുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ നിർവഹിച്ചു. ആഭ്യന്തരോപഭോഗത്തിന് ആവശ്യമായ റബ്ബറുത്പാദിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനായി ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ ചെറുകിടറബ്ബർകർഷകർ തയ്യാറാകണമെന്ന് ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. നിലവിൽ രാജ്യത്തെ റബ്ബറുത്പാദനം ഉപഭോഗത്തേക്കാൾ കുറവാണ്. ടയർ-ടയറിതര വ്യവസായമേഖലകൾ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുന്നു. വരും നാളുകളിൽ ഉപഭോഗത്തിൽ ഉണ്ടാകാവുന്ന വർദ്ധന വലിയതോതിലുള്ള ഇറക്കുമതിക്ക് കാരണമായേക്കാം. ഈ സാഹചര്യം ഒഴിവാക്കണമെങ്കിൽ സാധ്യമായ മാർഗ്ഗങ്ങളിലൂടെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരണം. വിളവ് കൂട്ടുന്നതിനായി റബ്ബർബോർഡ് നിർദ്ദേശിക്കുന്ന ദീർഘകാല-ഹ്രസ്വകാലപദ്ധതികൾ അടിയന്തിരമായി നടപ്പാക്കുന്നതിൽ കർഷകർ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സ്വയംപര്യാപ്തഭാരതത്തിനായി റബ്ബർകൃഷിയുടെ ഉജ്ജീവനം’ എന്നതാണ് ഇത്തവണത്തെ പ്രചാരണവിഷയം. ഒക്ടോബർ 25 മുതൽ 2022 മാർച്ചു വരെയുള്ള കാലയളവിൽ പരമ്പരാഗതമേഖലകളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലുമായി 2500 യോഗങ്ങളിലൂടെ 50000 റബ്ബർകർഷകരിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കർഷകർക്കും തൊഴിലാളികൾക്കും ആവശ്യമായ പരിശീലനങ്ങളും പ്രസ്തുത കാലയളവിൽ നടത്തപ്പെടുന്നതാണ്.
പുതുക്കൃഷിയും ആവർത്തനക്കൃഷിയും നടത്തുക. പ്രായം ചെന്നതും ആദായം കുറഞ്ഞതുമായ മരങ്ങൾ മുറിച്ചുമാറ്റി ഉത്പാദനക്ഷമത കൂടിയ ഇനങ്ങൾ വെച്ചുപിടിപ്പിക്കുക. കൃഷിസ്ഥലത്തിന്റെ ലഭ്യത കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യോജിച്ച റബ്ബറിനങ്ങൾ കൃഷിചെയ്യുക തുടങ്ങിയവയാണ് ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് ബോർഡ് ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെയും നബാർഡിന്റെയും സഹകരണത്തോടെയുള്ള വായ്പാധിഷ്ഠിത റബ്ബർ കൃഷി വികസനപദ്ധതിക്ക് വടക്കുകിഴക്കൻമേഖലയിൽ തുടക്കം കുറിച്ചു കഴിഞ്ഞു. മെച്ചപ്പെട്ട കൃഷി സമ്പ്രദായങ്ങൾ, റെയിൻഗാർഡിങ്, രോഗപ്രതിരോധനടപടികൾ, നിയന്ത്രിതകമിഴ്ത്തിവെട്ട് തുടങ്ങിയവ നടപ്പാക്കുക; വിളവെടുക്കാതെ ഇട്ടിരിക്കുന്ന തോട്ടങ്ങളിൽ ടാപ്പിങ് നടത്തുന്നതിനായി തോട്ടം ദത്തെടുക്കൽ പദ്ധതി പ്രോത്സാഹിപ്പിക്കുക ടാപ്പിങ്ങിലെ അപാകങ്ങൾ പരിഹരിക്കുക തുടങ്ങി ഉത്പാദനം മെച്ചപ്പെടുത്താനുതകുന്ന ഹ്രസ്വകാലപദ്ധതികളും തീവ്രബോധനപരിപാടിയിലെ വിഷയങ്ങളാണ്.