ജലവിഭവ വിനിയോഗ കേന്ദ്രത്തിൻ്റെ വാട്ടർ വളന്റിയർമാരാകാം
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വാട്ടർ വളൻ്റിയർ പരിപാടി തുടങ്ങി. കാർഷിക ജലവിനിയോഗം, മഴവെള്ള സംഭരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മലിനീകരണ നിയന്ത്രണം, ജല ശുദ്ധീകരണം, ഭൂജല പരിപോഷണം, ദുരന്തനിവാരണം, സാമൂഹ്യ ജല സംരക്ഷണ/വിതരണ സംവിധാനങ്ങൾ തുടങ്ങി ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ക്രിയാത്മകമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെയാണ് വാട്ടർ വളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വാട്ടർ വളന്റിയർമാർക്കു കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ പരിശീലന/ ശില്പശാലകൾ സംഘടിപ്പിക്കുകയും തുടർപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുകയും ചെയ്യുന്നതാണ്. ജലവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രാഥമിക വിവരങ്ങൾ നൽകുന്നതിനും ദുരന്ത
നിവാരണ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ നേതൃത്വം നൽകാനും വാട്ടർ വളന്റിയർമാർക്ക് പരിശീലനം നൽകും .
ജലവുമായും പ്രകൃതി വിഭവ സംരക്ഷണവുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം ലഭിച്ച ഇവരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി രൂപീകരണത്തിനും നടപ്പാക്കുന്നതിനും ഏകോപനത്തിനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്.
ജലവിഭവ സംരക്ഷണവും ദുരന്തനിവാരണവും പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്ക് നിശ്ചിത ഫോമിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതേ ഫോമിലൂടെ വാട്ടർ വളന്റിയർമാരെ നോമിനേറ്റ് ചെയ്യാനും കഴിയും.
വാട്ടർ വളന്റിയർ പരിപാടിയിൽ പങ്കെടുക്കാനുള്ള അപേക്ഷ ഫോം സി. ഡബ്ല്യൂ. ആർ ഡി. എം. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 2021 ഒക്ടോബർ 31 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സി.ഡബ്ല്യു. ആർ ഡി. എം, കുന്ദമംഗലം, കോഴിക്കോട്, 673571 എന്ന വിലാസത്തിലോ, water@cwrdm.org എന്ന ഇ-മെയിലിലോ അല്ലെങ്കിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി www.cwrdm.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495838780 , 7907202448