ലേഡീസ് ഫാന്‍സി ഐറ്റംസിൻ്റെ സൗന്ദര്യത്തിൽ മഞ്ജു വാര്യർ
ഫാൻസിക്കടയിലെ സൗന്ദര്യ വർദ്ധക വസ്തുക്കളെല്ലാം വാരി തറയിൽ നിരത്തിയപ്പോൾ തെളിഞ്ഞത് നടി മഞ്ജുവാര്യരുടെ മുഖം. ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് ഫാൻസി ഐറ്റംസ് ഉപയോഗിച്ച് മഞ്ജുവാര്യരുടെ മുഖചിത്രം തീർത്തത്. കൊടുങ്ങല്ലൂർ ബസ്റ്റാൻ്റിനടുത്തുള്ള ബ്യൂട്ടി പ്ലാനെറ്റ് ഉടമ അഷറഫ് ആണ് സ്വന്തം കടയിലെ ഫാന്‍സി, കോസ്മറ്റിക് സാധനങ്ങള്‍ നല്കി
ചിത്രരചനയ്ക്ക് വേദിയൊരുക്കിയത്. സെപ്റ്റംബർ 10 ന് മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിനുള്ള ജന്മദിന സമ്മാനമായാണ് ചിത്രമൊരുക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. അഷറഫിന്റെ പുതിയ ഷോറൂമിന്റെ അകത്ത് തറയില്‍ നീല വെല്‍വെറ്റ് തുണി വിരിച്ച് എട്ടു മണിക്കൂര്‍ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത്.
പല തരം ലോഷനുകൾ, മാല, കമ്മൽ, വള, ഹെയർ ബാൻ്റ് തുടങ്ങി കടയിലെ പല വസ്തുക്കളും ഇതിനായി ഉപയോഗിച്ചു. പ്രജീഷ് ട്രാന്സ്മാജിക് ക്യാമറയില്‍ പകര്‍ത്തിയ ചിത്രമൊരുക്കാൻ അഷറഫിന്റെ മക്കളായ അംജത് ,അഫ്താദ് എന്നിവരും
ബ്യൂട്ടി പ്ലാനെറ്റ് സഹപ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു. നൂറു മീഡിയങ്ങളിൽ ചിത്രരചന നടത്താനുള്ള സുരേഷിൻ്റെ യാത്രയില്‍ എഴുപത്തിയാറാമത്തെ മീഡിയമാണ് ഫാൻസി സാധനങ്ങൾ.