മാക്കേകടവ് പാലം ഉദ്ഘാടനം നാടിൻ്റെ ഉത്സവമായി

കാലങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. വേമ്പനാട് കായലിന്റെ  ഇരു കരകളെയും കോർത്തിണക്കി ചേർത്തലയിലെ മാക്കേകടവ് നേരേക്കടവ് പാലം യാഥാർത്ഥ്യമായി. ബോട്ടിലും ജങ്കാറിലുമായിരുന്നു ഇതുവരെ ജനങ്ങളുടെ യാത്ര. 2016 ലാണ് പാലത്തിൻ്റെ നിർമ്മാണം തുടങ്ങിയത്.

ഉത്സവാന്തരിക്ഷത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിലൂടെ മുഖ്യമന്ത്രിയെ തുറന്ന ജീപ്പിൽ ആനയിക്കുകയും ചെയ്തു. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല മേഖലകളിൽ നിന്ന് എളുപ്പം വൈക്കത്തേക്ക് എത്താം.

ആലപ്പുഴയിൽ നിന്നും കൊച്ചിയിൽ നിന്നും വൈക്കം ക്ഷേത്രത്തിലേക്കും ഏറ്റുമാനൂരിലേയ്ക്കും പൊതുജനങ്ങൾക്ക് പെട്ടെന്ന് എത്താൻ സാധിക്കും. അരൂർ, ചേർത്തല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജിലെക്കുള്ള യാത്ര സമയം ഗണ്യമായി കുറയും.

വേമ്പനാട് കായലിനടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന മത്സ്യ മാർക്കറ്റായ കോലത്തുംകടവിലേയ്ക്ക് മത്സ്യ വ്യാപാരികൾക്ക് പെട്ടെന്ന് എത്തിച്ചേരാനും വേഗത്തിലുള്ള ചരക്ക് നീക്കത്തിനും പാലം വഴി തുറക്കും.

എറണാകുളം, ആലപ്പുഴ ജില്ലാ ആസ്ഥാനങ്ങളോടൊപ്പം പാലം യാഥാർത്ഥ്യമായതോടെ കോട്ടയം ജില്ലാ ആസ്ഥാനത്തേക്കും നിലവിലുള്ള ദൂരം 40 കിലോമീറ്റർ ആയി കുറയും. തുറവൂർ പമ്പ തീർഥാടനപാതയുടെ അഭിവാജ്യ ഘടകമായ ഈ പാലം വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ശബരിമല തീർഥാടനത്തിനും  ഉതകും വിധമാണ് നിർമ്മിച്ചത്.