ഐ.ടി മേഖലയെ നയിക്കാൻ ഇനി ‘ടെക് കേരളം’ ബ്രാൻഡ് 

പരമ്പരാഗത ഐ.ടി സേവനങ്ങൾക്കപ്പുറം ഭാവി സാങ്കേതികതകളിലേക്ക് കേരളത്തിന്റെ ഐ.ടി മേഖലയെ നയിക്കുക എന്ന ലക്ഷ്യത്തോടെ ‘ടെക് കേരളം’ എന്ന ബ്രാൻഡ് അവതരിപ്പിക്കുകയാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ ടെക്നോളജി മേഖലയെ ഏകോപിപ്പിക്കുന്ന ‘ടെക് കേരളം’ ബ്രാൻഡും ഐ.ടി പാർക്ക് അഫിലിയേഷൻ പദ്ധതിയും ടെക് കേരളം പോർട്ടലും ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. സെമികോൺ കേരളം കൺസോർഷ്യം, മേക്കർ ഹബ് എന്നിവയും ചടങ്ങിൽ പ്രഖ്യാപിച്ചു.

ടെക്നോപാർക് ഫേസ് ത്രീ ക്യാമ്പസ്സിൽ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടെക്നോപാർക് ഫേസ് വണ്ണിൽ തുടങ്ങുന്ന പദ്ധതിക്കായി ടെക്നോപാർക്കും കാസ്പിയൻ ടെക് പാർക്ക്‌സും തമ്മിൽ ധാരണാപത്രം കൈമാറി.

ഐ.ടി വകുപ്പിന്റെ പേരുതന്നെ മാറ്റിക്കൊണ്ട് ഈ മേഖലയിൽ മാറ്റത്തിന്റെ സന്ദേശം നൽകാനാണ് ഈ സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾ കേരളത്തിലേക്ക് വരാൻ കൂടുതൽ താല്പര്യം കാണിക്കുന്നു. ഭാവി സാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളിലും കേരളത്തിന്റെ വളർച്ച ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

വി മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ. ഒ സച്ചിൻ കുമാർ യാദവ്, ഇൻഫോപാർക്ക്, സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ തുടങ്ങിയവർ പങ്കെടുത്തു.

ടെക് കേരളം ബ്രാൻഡിംങിലൂടെ സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങളെ  സാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ആവാസ വ്യവസ്ഥ ഒരുക്കുകയാണ് സർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ. ഒ. ടി, ക്വാണ്ടം മെക്കാനിക്‌സ്,സെമി കണ്ടക്ടർ, ഏവിയേഷൻ, ലോജിസ്റ്റിക്‌സ് എന്നിവയെല്ലാം സംയോജിപ്പിക്കുന്ന ബൃഹത്തായ ശൃംഖലയായി കേരളത്തിന്റെ ഐ.ടി മേഖലയെ പരിവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം.

പരമ്പരാഗതമായി സർക്കാരിൻറെ കീഴിലുള്ള ഐ.ടി പാർക്കുകളെ മാത്രം കേന്ദ്രീകരിച്ച് നിലകൊണ്ട ഐ. ടി മേഖലയെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ടി പാർക്‌സ് അഫിലിയേഷൻ പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ കമ്പനികൾക്കും കോ വർക്കിങ് സ്‌പേസുകൾക്കും സ്വകാര്യ ടെക്ക് പാർക്കുകൾക്കും സർക്കാർ ഐ.ടി പാർക്കുകളുടെ അഫിലിയേഷൻ നേടിയെടുക്കാൻ സാധിക്കും.