മഴയിൽ ആവേശമായി വയനാട് മൺസൂൺ മാരത്തോൺ

മഴയുടെ ആരവത്തിൽ നടന്ന വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിലാണ് മാരത്തോൺ സംഘടിപ്പിച്ചത്.  സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന്  മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 250 ഓളം കായികതാരങ്ങൾ മാരത്തോണിന്റെ ഭാഗമായി.

ഇന്റർനാഷണൽ മാരത്തോൺ താരമായ എത്യോപ്യൻ സ്വദേശി മിക്യാസ് എമാത്ത ഉൾപ്പെടെ നിരവധി താരങ്ങളാണ് കേരളത്തിന് പുറത്ത് നിന്നും  പങ്കാളികളായത്. മാരത്തോൺ പൂർത്തിയാക്കിയ  ആലുവ സ്വദേശിനിയായ എട്ട് വയസുക്കാരി ഫാത്തിമ സുമയ്യക്കും  50 വയസ്സ് പ്രായമുള്ള എറണാകുളം സ്വദേശിനി എവ്ലിൻ ജോയും 72 വയസ് പ്രായമുള്ള കോഴിക്കോട് സ്വദേശി പി.കെ. വാസുവും മത്സരത്തിന് ആവേശമായി മാറി.

മത്സര വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി.സിദ്ധിഖ് നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും   വരും വർഷങ്ങളിൽ മാരത്തോൺ കൂടുതൽ വിപുലമായി സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നാരംഭിച്ച  മാരത്തോണിൽ ഹാഫ് മാരത്തോൺ, വനിത മാരത്തോൺ, ഫൺ റൺ  വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഹാഫ് മാരത്തോൺ ഡി.വൈ.എസ്.പി. പി.സി ചാക്കോയും വനിതാ ഹാഫ് മാരത്തോൺ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവനും ഫൺ മാരത്തോൺ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീക്കും ഫ്‌ലാഗ് ഓഫ് ചെയ്തു.

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷനായി. പരിപാടിയിൽ കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ്, എം. മധു, സലീം കടവൻ, കെ.പി വിജയി, ഫുട്‌ബോൾ താരങ്ങളായ അലൻ സജി, അലക്‌സ് സജി, സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ ടി.വി. പീറ്റർ, പി.കെ. അയൂബ്, ടി.കെ. ഹരി, കെ.ആർ. സജീവൻ, ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
.