ചന്ദ്രഗിരി കോട്ടയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും

കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനായി കാസർകോട് ചന്ദ്രഗിരി കോട്ടയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വിട്ടു നൽകിയ ചന്ദ്രഗിരി കോട്ട കളക്ടർ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. പുരാവസ്തു പൈതൃക ഭംഗിക്ക് കോട്ടം തട്ടാതെ
കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ ഉടൻ പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി.

കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശം നൽകി.  കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ശുചിമുറികളും ഒരുക്കും.

അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള വിവിധ ഇവന്റുകൾക്കുള്ള ഇടമാക്കി മാറ്റാനാണ്  ലക്ഷ്യമിടുന്നത്.