തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് നിരീക്ഷകർ
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും നിശ്ചയിച്ച ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും വയനാട് ജില്ലയിലെ നോഡല്‍ ഒഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നോഡല്‍ ഒഫീസര്‍മാരുടെ യോഗത്തിലാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി നിര്‍ദ്ദേശിച്ചു.
ചെറിയ പിഴവുകള്‍ പോലും ഒഴിവാക്കാന്‍ അതീവ ശ്രദ്ധ ചെലുത്തണം. തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ എല്ലാം സുഗമമായി നടക്കുമെന്നും പൊതുനിരീക്ഷകന്‍ പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ചെലവ് നിരീക്ഷക കനിക ഹസിജ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഓരോ വിവരവും ഗൗരവത്തോടെ എടുക്കണം. ഓരോ വകുപ്പും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. ഓരോ ഉദ്യോഗസ്ഥനും കൃത്യമായ ആസൂത്രണത്തോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പോലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത് പറഞ്ഞു.
യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായി. അസിസ്റ്റന്റ് കളക്ടര്‍ പി.പി. അര്‍ച്ചന, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ. ജയശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.




















