ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ്: കൂടിക്കാഴ്ചയ്ക്ക് 49 പേർ

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പ് മാർച്ച് 18 ന്  നടക്കും. 56 അപേക്ഷകൾ ലഭിച്ചതിൽ 49 പേർ  കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി. മതിയായ യോഗ്യതയില്ലാത്ത ഏഴ് അപേക്ഷകരെ ഒഴിവാക്കി.

ബുധനാഴ്ച രാവിലെ 10 മുതൽ ദേവസ്വം കോൺഫറൻസ് ഹാളിൽ  ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ  ക്ഷേത്രംതന്ത്രി  പി.സി. ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരു മായി കൂടിക്കാഴ്ച നടത്തി മേൽശാന്തി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്തും.

തുടർന്ന് ക്ഷേത്രം നമസ്‌കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി, ദേവസ്വം ഭാരവാഹികൾ, ഭക്‌തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ
മേൽശാന്തി  മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി പുതിയ മേൽശാന്തിയെ നറുക്കെടുക്കും. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 31ന് രാത്രി ചുമതലയേൽക്കും.