മലപ്പുറം- ഊട്ടി സര്‍വീസിന് ഇനി ‘പ്രീമിയം’ബസ്സ്

മലപ്പുറത്തെയും നീലഗിരിയെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ മലപ്പുറം – ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ‘പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്’ ബസ്സാണ് ഇനി സർവ്വീസ് നടത്തുക. മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു.

ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് എല്ലാ ദിവസവും രാവിലെ11ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ്സ്  ഊട്ടിയിലെത്തും. വൈകീട്ട് 4.40ന് അവിടെ നിന്നും തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും.

186 രൂപയാണ് മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക്. ഇതേ ബസ്സ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്ന് ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്.