ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ 22ന് തിരുവനന്തപുരത്ത്
കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷൻ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും ഫെബ്രുവരി 22ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്കൂൾ വിഭാഗം മത്സരവും നടക്കും. സ്കൂൾ, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി എന്നിവർ വിശിഷ്ടാതിഥികളാകും.
സ്കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാർഡായി നൽകും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും.




















