ജെ.സി ഡാനിയൽ പുരസ്‌ക്കാരം ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയൽ പുരസ്‌കാരം നടി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു
മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.
നടി പായൽ കപാടിയക്ക് വേണ്ടി അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് വേണ്ടി ജ്യോതിർമയിയും ദർശന രാജേന്ദ്രനു വേണ്ടി രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു.




















